Friday, March 27, 2015

അജിതകോശം ,തോന്നലുകളുടെ മാത്രം ഒരു സമാഹാരമാണ്. ഒരു ജ്ഞാനിയൊന്നുമല്ല ഞാൻ. പറയുന്ന വാക്കുകളെല്ലാം മഹാഗുരുക്കന്മാരായ ഭാരതീയ ഋഷിവര്യന്മാരുടെ പാദങ്ങളിൽ സമർപ്പിക്കുന്നു. അവർ പറഞ്ഞതിനപ്പുറം നമുക്ക് പറയാൻ ഉണ്ടാവില്ലെന്നല്ല,എനിക്കുണ്ടാവില്ല എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. ഞാൻ ഒരു ഉപകരണമാവുകയും എന്നിലൂടെ ആരോ എന്തെല്ലാമോ തുടരുകയും ചെയ്യുന്നു എന്ന് കരുതാനാണെനിക്കിഷ്ടം. പലതും ജീവിതത്തിൽ പലപ്പോഴായി പ്രാവർത്തികമാക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. ചിലതിലെല്ലാം ഞാൻ പരാജയപ്പെട്ടു പോയിട്ടുമുണ്ടാവാം. എങ്കിലും ചിന്തകളുടെ ഈ പ്രവാഹം ഒഴുക്കി വിടുമ്പോൾ ആരുടെയെങ്കിലും മനസ്സ് ആർദ്രമാവുന്നുണ്ടെങ്കിൽ ,ആർക്കെങ്കിലും ഇത് പ്രയോജനപ്പെടുന്നുണ്ടെങ്കിൽ ഗുരുകടാക്ഷം എന്ന് മാത്രമേ പറയാൻ കഴിയൂ. നമസ്കാരം ! .......... തുടർന്ന് വായിക്കാം
????!!!!! ഭയത്തിന്റെ വേരുകൾ !!!!!????
നഷ്ടപ്പെടുമോ എന്നുള്ള തോന്നലാണ് ഭയത്തിന്റെ അടിസ്ഥാനം. ചിലർക്കത് പണമായിരിക്കും, ചിലർക്ക് സ്നേഹം, മറ്റു ചിലർക്ക് ജീവിതം അല്ലെങ്കിൽ ജീവൻ തന്നെ! ഇവയിൽ ഇതു തന്നെയായാലും അതു നഷ്ടപ്പെടുമോയെന്നുള്ള ഭയം നമ്മെ കാർന്നു തിന്നു കൊണ്ടേയിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലുള്ളവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്കും ഭയം ഉണ്ടാകില്ല. നേടിയതെന്തും എവിടെയും ഉപേക്ഷിക്കാൻ ധൈര്യമുള്ളവർക്കും ജീവിതം ഭയം ഉണ്ടാക്കുന്നില്ല. ഭയത്തെ കീഴടക്കലാണ് ഏറ്റവും പ്രയാസം. അതിൽ വിജയിച്ചാൽ പിന്നെ തോൽവിയുണ്ടാകില്ല,ലൌകിക ജീവിതത്തിൽ.
- അജിതകോശം 1 ഏപ്രിൽ 2015

!!!!!!!!!!!! ദഹനം !!!!!!!!!!!!!!!!
വേവിക്കുന്നത്‌ എങ്ങനെയായാലും വേവിക്കൽ തന്നെയാണ്. കനൽക്കൂമ്പാരത്തിനു പുറത്തിട്ടു വേവിച്ചാലും,കനൽക്കൂമ്പാരത്തിനുള്ളിൽ ഇട്ടു വേവിച്ചാലും അടിയിലിട്ടു വേവിച്ചാലും ഒരേ ഫലം തന്നെയാണ്. അപ്പോൾ നിന്നെ എങ്ങനെ വേവിക്കണമെന്നു ചോദിച്ചാൽ ഉത്തരം പറയുക അസാധ്യം!

- അജിതകോശം 31 മാർച്ച്‌ 2015
വിധേയം
പെണ്ണിലും ആണിലും പ്രകൃതി തന്നെ വ്യത്യസ്തതകൾ വരച്ചു ചേർത്തിട്ടുണ്ടെങ്കിൽ പോലും പെണ്ണിൽ  കുറെയെല്ലാം പൌരുഷവും ആണിൽ കുറെയെല്ലാം സ്ത്രീത്വവുമുണ്ടെന്നത്  മറയ്ക്കാൻ കഴിയില്ല. രണ്ടിന്റെയും യുക്തമായ മിശ്രണമാണ് അഭികാമ്യം. ഒരാൾ മറ്റൊരാളെ കീഴ്പ്പെടുത്തുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് പാരസ്പര്യവും ലയവും പൊരുത്തവുമാണ്.  സ്ത്രീ എന്നാൽ വിധേയയാവേണ്ടവൾ എന്ന സങ്കൽപം പഴഞ്ചനായി,പുരുഷൻ  എന്നാൽ ഭരിക്കേണ്ടവൻ എന്നതും.  പരസ്പരം വിധേയത്വത്തിന് വിധേയമാവുക  അതാണ്‌ വേണ്ടത്, അല്ലെങ്കിൽ പരസ്പരം കീഴടങ്ങുക,പരസ്പര പൂരകങ്ങളാവുക. ഒരാളുടെ കുറവുകൾ മറ്റെയാൾ തീർക്കുക.  സ്നേഹപൂർവവും  അറിഞ്ഞു കൊണ്ടുമുള്ള  കീഴടങ്ങൽ സുഖമുള്ള ഒരു  അനുഭവമാണ്, കരുത്തു നല്കുന്ന  ഒരനുഭവം.  രാവും പകലും പോലെ ,,ഇരുളും വെളിച്ചവും പോലെ, ഉപ്പും മധുരവും പോലെ,സുഖവും ദു:ഖവും പോലെ അത് മാറി മാറി അനുഭവിക്കുക. ഒഴിഞ്ഞ ഇടത്തേക്ക് മാത്രമേ ഒഴുക്കുണ്ടാവൂ ,പരസ്പരം ഒഴിച്ചിടുക, ആ സുഖം മാറി മാറി അനുഭവിക്കുക! 

-അജിതകോശം 30 മാർച്ച്‌ 2015


മറക്കാൻ കഴിയില്ല മറയ്ക്കാനേ കഴിയൂ , മറന്നു എന്ന് സ്വയം ബോധിപ്പിച്ചാലും അബോധതലങ്ങളിൽ അത് സ്വപ്നാവസ്ഥയിലുണ്ടാകും,നിതാന്തമായ സുഷുപ്തിയിലേക്കതിനെ നയിക്കാൻ നിങ്ങൾക്കാവില്ല,വേണമെങ്കിൽ  മറന്നു എന്ന്  അഭിനയിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ മറവി ഒരനുഗ്രഹമായി നിങ്ങളെ തേടി എത്തണം! അതല്ല എങ്കിൽ  വേനൽ മഴത്തുള്ളികളേൽക്കുമ്പോൾ കരിഞ്ഞു കിടക്കുന്ന വേരുകളിൽ നിന്ന് പുൽനാമ്പുകൾ കിളിർത്തു  വരുന്നത് പോലെ മറവി പൊടുന്നനെ ഒരു ഓർമയാകും!  - അജിതകോശം 16 November 2014
മനസ്സിനെ മഹസ്സു കൊണ്ട് നിറയ്ക്കുക,അപ്പോൾ തമസ്സ് പോയ്മറയും അഹസ്സു വന്നണയും - അജിതകോശം 3 December 2014


സ്നേഹിക്കപ്പെടുന്നതിനെക്കാൾ മഹത്വമുണ്ട് സ്നേഹിക്കുന്നതിന്  - അജിതകോശം 4 December 2014


പ്രണയം ഒരനുഭാവമാനെങ്കിൽ സ്നേഹം ഒരനുഭൂതിയാണ്-ദിവ്യമായ ഒരനുഭൂതി. സ്നേഹത്തിൽ നിന്നും പ്രേമത്തിലേക്ക് അധികം ദൂരമില്ല.  
അജിതകോശം -1-ഫെബ്രുവരി 2015


ഇരുൾ നിറയുമ്പോഴാണ്  കൂട്ടായി നക്ഷത്രം  വരുന്നത്. ഇരുൾ  മായുമ്പോൾ ഇനി നക്ഷത്രം വേണ്ടെന്ന തോന്നലുണ്ടാവും. പക്ഷെ വീണ്ടും ഇരുൾ  വരണേയെന്നു നക്ഷത്രത്തിന് മോഹമുണ്ടാവില്ല , കാരണം നക്ഷത്രം   ഇരുളും പ്രകാശവും അറിയുന്നില്ല,അത്  സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിൽ  പ്രകാശം പരത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു.സ്നേഹം  ഉളളിൽ  നിറഞ്ഞിരിക്കുമ്പോൾ നിങ്ങൾക്ക്  അതാരെയും ബോധ്യപ്പെടുത്തേണ്ടി വരില്ല. 'എന്റെ ഉള്ളിൽ സ്നേഹം നിറഞ്ഞിരിക്കുന്നു ആവശ്യമുള്ളവർക്ക് അതെടുക്കാം' എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ല.  ആവശ്യമുള്ളവർ   ആ  വശ്യഗന്ധം അറിഞ്ഞ്  താനേ വന്നു കൊള്ളും.  കാട്ടുപൂക്കളിൽ തേൻ  നിറയുമ്പോൾ  വണ്ടുകൾ വന്നെത്തുന്നത് മറ്റെങ്ങനെയാണ്! 21 October 2014
ഒരിക്കൽ  ഒരിടത്ത്  ഒരു പുഴയിൽ  മലവെള്ളം കയറി പുഴ കരകവി ഞ്ഞൊഴുകാൻ തുടങ്ങി. കലങ്ങി മറി ഞ്ഞൊഴുകുന്ന പുഴയിലൂടെ ഒഴുക്കിൽ പെട്ടുപോയ ഒരു മനുഷ്യനും ഒരു കരടിയും ഒഴുകുന്നത്‌ കരയിൽ  നില്ക്കുന്ന ഒരാള് കാണുന്നുണ്ടായിരുന്നു. ഒഴുക്കിൽ   പെട്ടയാൾ  മരണഭയം കൊണ്ട് മറ്റൊന്നും ആലോചിക്കാതെ പെട്ടെന്ന്  കരടിയെ കയറി പിടിച്ചു. അല്പം കഴിഞ്ഞ്  അത് കണ്ടു നിന്ന കരയിലെ ആൾ ആ മനുഷ്യനോടു വിളിച്ചു പറഞ്ഞു " നിങ്ങൾ ഒരു കരടിയെയാണ് പിടിച്ചിരിക്കുന്നത്, അതിൽ നിന്നും പിടി വിടൂ ,ഇല്ലെങ്കിൽ കരടി നിങ്ങളെ കൊല്ലും" എന്ന്. അപ്പോൾ കരടിയെ പിടിച്ച ആൾ പറഞ്ഞു " ഞാൻ കരടിയെ എപ്പോഴേ  വിട്ടു ! പക്ഷെ ഇപ്പോൾ കരടി എന്നെ വിടുന്നില്ല" എന്ന്! കടം കയറി  സർവതും നഷ്ടപ്പെട്ട ഒരു സുഹൃത്തിന് ഇത്തരം ഒരു  അക്കിടി പറ്റിയ കഥ ഇന്നലെയാണ് അറിഞ്ഞത്. അപ്പോൾ തോന്നിയത് ഈ കഥയാണ്. ജീവിതത്തിൽ പലപ്പോഴും നാം ഇത്തരം കരടികളുടെ പിടിയിൽ അകപ്പെടാറുണ്ട്. പിന്നെ നാം വിചാരിച്ചാൽ പോലും അതിൽ നിന്നും രക്ഷപെട്ടു  വരാൻ കഴിയണമെന്നില്ല. ഏതു സാഹചര്യത്തിലും അടിയറ വെക്കാത്ത ചില നിലപാടുകളിലൂടെ മാത്രമേ നമുക്ക് നമ്മെ കാത്തു സൂക്ഷിക്കാൻ കഴിയുകയുള്ളൂ. സാഹചര്യങ്ങൾക്കനുസൃതമായി  നമ്മുടെ ജീവിതം രൂപകല്പന ചെയ്തില്ലെങ്കിൽ സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തെ രൂപകൽപന ചെയ്തേക്കാം. അതല്ലെങ്കിൽ അസാധാരണ മന:ശക്തിയും ആത്മശക്തിയും നേടിയെടുക്കണം,സാധനകളിലൂടെ. നിങ്ങളുടെ ഉള്ളിലെ നിങ്ങള്ക്ക് മാത്രമേ അത്തരം സന്ദർഭങ്ങളിൽ നിങ്ങളെ രക്ഷിക്കാൻ കഴിയൂ. സ്വാമി രാമ പറയുന്നു " സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ്" , മറ്റൊരാൾ നിങ്ങള്ക്ക് നല്കുന്ന സന്തോഷത്തെ മാത്രം കരുതി മുന്നോട്ടു നീങ്ങിയാൽ തരുന്നയാൾ  അത് പിൻവലിക്കുമ്പോൾ നിങ്ങൾ ഒറ്റയ്ക്കായിപ്പോവുന്നു. നേരെ മരിച്ചു നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത് നിങ്ങൾ തന്നെയായിരിക്കുക. അപ്പോൾ നിങ്ങള്ക്ക് കൂടുതൽ ആത്മബലം കിട്ടും,ജീവിതം കൂടുതൽ അമൂർത്തമായി അനുഭവപ്പെടും.


പ്രണയം തികച്ചും പ്രാകൃതികവും പ്രാപഞ്ചികവും ആയ ഒരനുഭവമാണ്. സ്നേഹമാകട്ടെ ആത്മീയമായ ഒരു ആനന്ദാനുഭൂതിയും.
പ്രകൃതിയോളം ചഞ്ചലമാണ് പ്രണയം-അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം. സ്നേഹത്തിൽ ഭാവത്തിനും അഭാവത്തിനും സ്ഥാനമില്ല. സ്നേഹത്തിന്റെ പ്രഭാവം ജീവിതത്തിന്റെ അവസാനം വരെ നിലനില്ക്കും.
പ്രണയിക്കുക എന്ന  നിലയിൽ  നിന്നും സ്നേഹിക്കുക എന്ന നിലയിലേക്ക് മാനസികഭാവത്തെ  ഉയർത്തിയവർക്ക് ആ നില എന്നും തുടരാൻ കഴിയും.
പ്രണയം ഒരനുഭാവമാനെങ്കിൽ സ്നേഹം ഒരനുഭൂതിയാണ്-ദിവ്യമായ ഒരനുഭൂതി. സ്നേഹത്തിൽ നിന്നും പ്രേമത്തിലേക്ക് അധികം ദൂരമില്ല.
അജിതകോശം -1-ഫെബ്രുവരി 2015
ഒരാൾ  ബലവാനായിരിക്കുമ്പോഴല്ല മറിച്ച് ദുർബലനായിരിക്കുമ്പോഴാണ് നിങ്ങളുടെ  കൈത്താങ്ങ്‌ വേണ്ടത് .  ഒരാൾ സന്തോഷവാനായിരിക്കുമ്പോഴല്ല മറിച്ചു ദു:ഖിതനായിരിക്കുമ്പോഴാണ് നിങ്ങളുടെ കൂട്ട് വേണ്ടത്.
ആ മനസ്സ് ഒന്നിടറുമ്പോൾ , ആ ജീവിതതാളം ഒന്ന് പിഴയ്ക്കുമ്പോൾ , ഒരു നോക്കിൽ അല്ലെങ്കിൽ ഒരു സ്വരവ്യത്യാസത്തിൽ നിങ്ങൾക്കത് തിരിച്ചറിയാൻ കഴിഞ്ഞാൽ നിങ്ങളുടെ ഭാഗ്യമാണത്‌.  അറിഞ്ഞത് പറയരുത്
അറിയാത്തത് പറയരുത്
അറിയുമ്പോഴറിയാം
അറിവിന്റെ സുഖം!


നിങ്ങളുടെ ഈ ലോകം നിങ്ങള്ക്കൊപ്പം മാത്രമേയുള്ളൂ!

സ്വയം മറക്കാൻ കഴിയുന്നവൻ സ്വയം പ്രകാശിക്കുന്നു! 22 October 2014


ഗുരുവിന്റെയടുത്തു അഭ്യസിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ,ഗുരുവിനെപ്പോലെയാകാൻ ഗുരു പോലും പറയില്ല ! ഇരുട്ടിൽ  നിന്നും വെളിച്ചത്തിലേക്ക് നയിക്കാനുള്ള ഒരു പ്രകാശപൂരമാണ് ഗുരു! ഓരോ പാഠവും അഭ്യസിച്ചു കഴിഞ്ഞാൽ സാധനകളിലൂടെ അതിനെ സ്വയം പ്രകാശിപ്പിക്കുകയാണ് ഒരു ശിഷ്യൻ ചെയ്യേണ്ടത്. അപ്പോൾ ഗുരുവരം പൂർണ്ണമാകും!  


ഗുരുവിന്റെ കൈകൾ  നിങ്ങൾ പിടിച്ചു  നടന്നത് കൊണ്ട് പ്രയോജനമില്ല. എപ്പോൾ വേണമെങ്കിലും നിങ്ങൾ സ്വയം ആ പിടി വിട്ടു പോവാം. ഗുരുവിനോട് "എന്റെ വിരൽതുമ്പിൽ പിടിച്ചു നയിക്കണേ" എന്ന് പ്രാർഥിക്കുക . ഗുരു നിങ്ങളുടെ വിരൽത്തുമ്പിൽ പിടിച്ചു കഴിഞ്ഞാൽ പിന്നെ പേടിക്കാനില്ല, പിന്നീടുള്ള വഴികളിൽ  ഗുരു അറിയാതെ നിങ്ങള്ക്ക് ഒരു ചുവടു പോലും നടക്കാൻ കഴിയില്ല, വഴി തെറ്റുകയുമില്ല!  -അജിതകോശം   24/10/2014

"എന്റെ' എന്ന് കരുതാം പക്ഷെ "എന്റെ മാത്രം" എന്ന് വിചാരിക്കരുത് ,അത് നിങ്ങള്ക്ക് ദുഃഖം തന്നേക്കാം ! -

കാതങ്ങൾ കടന്ന് ഒരു ക്ഷേത്രത്തിലെത്തി ഇഷ്ടദേവതയുടെ മുൻപിലെത്തിയാൽ നാം ആദ്യം ചെയ്യുന്നത് തൊഴുതു കൊണ്ട് കണ്ണടയ്ക്കുകയാണ്. ഇത്രയും കഷ്ടപ്പെട്ട് ദർശനത്തിനു ചെന്നത് കാണാതിരിക്കാനാണോ? ദൈവം നമ്മുടെ ഉള്ളിൽ തന്നെയുള്ള ഒരു ചൈതന്യമാണ് എന്നാണ് അതിനർത്ഥം,അല്ലെങ്കിൽ ദൈവം നാം തന്നെയാണ് എന്ന മഹത്തായ തത്വം. ദൈവവും ഞാനും നീയും തമ്മിൽ ദ്വൈതഭാവമല്ല എന്ന ആശയം എത്ര ലളിതമായാണ് ഭാരതീയ ആചാര്യന്മാർ നമുക്ക് കാണിച്ചു തരുന്നത് ! അപ്പോഴും നാം ഉള്ളിലേക്കാണ് നോക്കുന്നത്,കണ്ണടച്ച് ഇരുട്ടാക്കി ആ പ്രകാശത്തെ ഉൾക്കാഴ്ചയാക്കുന്നു. കണ്ണടയ്ക്കുന്നതിലൂടെ നാം നമ്മുടെ ഉള്ളിലെ നമ്മെ കണ്ടെത്തുന്നു. കാണുന്ന രൂപത്തിനപ്പുറമുള്ള ആ തേ ജോമയരൂപത്തെയും പിന്നെ അമേയമായ ആ അനുഭവത്തെയും അറിയുന്നു. ആദ്യം മനസ്സിൽ പതിയുന്ന ആ രൂപം നാം തന്നെയായിത്തീരുകയും പിന്നെ അത് നമുക്ക് ശൂന്യമായ ഒരനുഭവം പകര്ന്നു തരികയും ചെയ്യുന്നു. ആ ശൂന്യതയിൽ നിന്നും നാം കോരിക്കുടിക്കുന്ന അമൃതാനുഭവമാണ് ആനന്ദം! ബോധാബോധ തലങ്ങളിൽ അനുഭൂതി നല്കുന്ന ആ ബ്രഹ്മാനുഭവം തേടിയാണ് നാംഎപ്പോഴും യാത്ര ചെയ്യുന്നത്. "അത് ഞാൻ തന്നെയാണ്" എന്ന് ഭാരതീയമതം ഉദ്ഘോഷിക്കുന്നു. അനുസന്ധാനം ചെയ്യുന്നത് എപ്പോഴും ഉത്കൃഷ്ടമായതിനെ മാത്രം ആവട്ടെ!  -  അജിതകോശം  23 October 2014തേടി നടന്നാൽ ഒരു ഗുരുവിനെ കിട്ടണമെന്നില്ല, ഇച്ഛ  പൂർണമാകുമ്പോൾ ഗുരു ഒരനുഗ്രഹമായി നമ്മെ തേടിയെത്തും ! -  അജിതകോശം

പാഴ്മരം,പാഴ്വസ്തുക്കൾ എന്നതെല്ലാം സ്വാർത്ഥനായ മനുഷ്യന്റെ സങ്കല്പമാണ് ,ഈ പ്രപഞ്ചത്തിൽ കാരണമില്ലാതെ ഒന്നുമുണ്ടാവുന്നില്ല,മനുഷ്യന്റെ  വികലമായ ചില  കണ്ടുപിടിത്തങ്ങളല്ലാതെ ! 5/11/2014


പണം  കൊടുത്തു നേടുന്ന സ്നേഹവും സ്നേഹം കൊടുത്തു നേടുന്ന പണവും അവസാനം നല്കുന്നത് നഷ്ടമായിരിക്കും  -  അജിതകോശം  

അവനവനിലേക്ക്‌  ആഴ്ന്നിറങ്ങാൻ സമയം കിട്ടാത്തവന് മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിക്കാൻ ധാരാളം സമയം കാണും -അജിതകോശം 24/10/2014

രാഷ്ട്രീയം ഏതായാലും രാഷ്ട്രം  നന്നായാൽ മതി  4/11/2014

അവധിയും നിരവധിയും സമതുലിതാവസ്ഥയിൽ നിന്നാൽ ജീവിതം സുഖകരം അല്ലെങ്കിൽ അത് സുഖഹരം  !  09/11/2014


കിട്ടും എന്ന് കരുതി കിട്ടാതിരിക്കുന്നതിലും നല്ലത് കിട്ടില്ല എന്ന് കരുതിയിരിക്കുമ്പോൾ കിട്ടുന്നതാണ്! 10/11/2014

അലയൊഴിഞ്ഞിടത്താഴമേറുന്നു!

"ഉണ്ട്" എന്ന  മൂഡസ്വർഗത്തേക്കാൾ  "ഇല്ല" എന്നുള്ള നരകമാണ് നല്ലത്. 12/11/2014

നിങ്ങളുടെ സമ്മതമില്ലാതെ  നിങ്ങളുടെ ഹൃദയവാതിൽ  കടന്നു വരാൻ ഒരാൾക്കും  കഴിയില്ല. -  അജിതകോശം


മറ്റൊരാൾക്കും  നിങ്ങളെ  എകാകിയാക്കാൻ കഴിയില്ല,നിങ്ങൾക്കല്ലാതെ!


നിത്യേന കുറച്ചു സമയത്തേക്കെങ്കിലും നിങ്ങളുടെ മനസ്സ്  ശൂന്യമാക്കി വെക്കുക ,ഇല്ലെങ്കിൽ നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ പ്രകൃതി  എവിടെയാണ് പകരുക ? -  അജിതകോശം   13 November 2014അവനവനിലേക്കുള്ള യാത്രയാണ് അപാരതയിലേക്കുള്ള യാത്ര!

വിശ്രമം എന്നാൽ ശരീരത്തിന് എന്നാണു നാം മനസ്സിലാക്കിയിരിക്കുന്നത്,പക്ഷെ മനസ്സിന് വിശ്രമം നല്കാതെ ശരീരം അത് പൂര്ണമായി അനുഭവിക്കുകയില്ല!


വീട് വൃത്തിയാക്കുന്നത് പോലെ മനസ്സും വൃത്തിയാക്കേണ്ടതുണ്ട്. ആദ്യത്തേത് വീട്ടുകാരിലാർക്കുവേണമെങ്കിലും അല്ലെങ്കിൽ ആളെ വെച്ച് ചെയ്യിക്കാം പക്ഷെ രണ്ടാമത്തേത് അവനവന് മാത്രമേ കഴിയൂ. 24/11/2014


സ്നേഹിക്കപ്പെടുന്നതിനെക്കാൾ മഹത്വമുണ്ട് സ്നേഹിക്കുന്നതിന്  - അജിതകോശം 4 December 2014


അമ്മ കാട്ടിത്തന്നത് അകം
അച്ഛൻ കാട്ടിത്തന്നത് പുറം


കാത്തിരിക്കാൻ കഴിവുള്ളവർ രണ്ടു വിഭാഗക്കാർ മാത്രമായിരിക്കും-,സ്നേഹിക്കുന്നവരും  പ്രതീക്ഷയുള്ളവരും.
കാത്തിരിക്കാത്തത് ഒരു വിഭാഗം ആളുകൾ  മാത്രമാണ്,കാലബോധമില്ലാത്തവർ,അവർക്കതിന്റെ ആവശ്യവുമില്ല ,അവർ അവധൂതന്മാരായിരിക്കും ! 19/11/2014സമർപ്പണത്തിൽ പിശുക്കു കാണിച്ചാൽ അത് വെറും അർപ്പണം ആയിപ്പോകും
(സമർപ്പണം=സമ്യക് അർപ്പണം = സമ്പൂർണമായ അർപ്പണം)
- അജിതകോശം 16 December 2014

തിരമാലകളുയർത്തിക്കൊണ്ട് സമുദ്രം നമ്മെ ആദ്യം ഭയപ്പെടുത്തും,പിന്നെ രഹസ്യങ്ങളുടെ ഒരു അക്ഷയഖനി തുറന്നു തരും. ഒരു പുഴയെപ്പോലെ സമുദ്രം നമുക്ക് മുൻപിൽ രഹസ്യങ്ങളുടെ വാതിലുകൾ തുറന്നു തരുന്നില്ല. പുഴ ഒരു കൂട്ടുകാരിയാണെങ്കിൽ സമുദ്രം ഒരു ഗുരുവാണ്. ക്ഷമയും സമർപ്പണവും ഉണ്ടെങ്കിൽ മാത്രമേ ഗുരുവിന്റെ അനുഗ്രഹം സംപൂർണമായി അനുഭവിക്കാൻ കഴിയുകയുള്ളൂ. - അജിതകോശം 23 December 2014

ഉപരിതലത്തിൽ തുഴഞ്ഞു പോകുന്നവരും അടിത്തട്ടിലേക്ക് മുങ്ങാംകുഴിയിട്ടു പോകുന്നവരും ഒരു അർത്ഥത്തിൽ യാത്രികരും അന്വേഷകരും തന്നെയാണ്,പക്ഷെ അടിത്തട്ടിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നത് മുത്തുകളാണ്. - അജിതകോശം 19 December 2014
 

സ്നേഹമുള്ളവർക്കു മാത്രമേ  വിട്ടുവീഴ്ച ചെയ്യാൻ കഴിയൂ.  സ്നേഹിക്കുന്നു  എന്നാൽ ഒരാൾ മറ്റൊരാൾക്ക്  കീഴ്പ്പെടുന്നു എന്നല്ല  മറിച്ചു് ഒരാൾ മറ്റെയാളിലേക്കു ലയിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അർത്ഥം. കീഴ്പ്പെടുത്തുന്നു എന്ന് കരുതുമ്പോൾ ഒരാൾ മറ്റെയാളുടെ മീതെയാവുകയും അവിടെ ബലാബലം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. കുറച്ചു കഴിയുമ്പോൾ മറ്റെയാളും ബലം ആർജ്ജിച്ചേക്കാം,അപ്പോൾ മുകളിലെയാൾ  താഴെ വരികയും താഴെയുണ്ടായിരുന്നയാൾ മുകളിൽ  വരികയും ചെയ്തേക്കാം. അപ്പോൾ നഷ്ടപ്പെടുന്നത് ലയമാണ്. ശ്രുതിലയം പോലെ പരസ്പരം അലിഞ്ഞു ചേരുമ്പോൾ സ്നേഹം സംപൂർണമാകുന്നു. സ്നേഹിക്കുമ്പോൾ ഒരാൾ  മറ്റൊരാൾക്ക്‌ സമം ആവുകയാണ് ചെയ്യുന്നത്.  16 Dec 2014

മരുഭൂമിയിൽ ഒരു തുള്ളി ജലം ഒരു സമുദ്രത്തിനു തുല്യമാണ്

മനസ്സൊരു അക്ഷയപാത്രമാവണം ,ഒഴിയാത്ത സ്നേഹത്തിന്റെ അക്ഷയപാത്രം

എന്തെങ്കിലും പറയും മുൻപ് ഒരു നിമിഷം കണ്ണടച്ച് പറയണോ എന്ന് മൂന്നു വട്ടം ആലോചിക്കുക, ചിലപ്പോൾ  അത് പറയേണ്ടതല്ല അല്ലെങ്കിൽ പറഞ്ഞില്ലെങ്കിലും പ്രശ്നമില്ല എന്ന് തോന്നിയേക്കാം,പിന്നീട് പ്രശ്നമായേക്കാവുന്ന പല കാര്യങ്ങളിൽ നിന്നും രക്ഷ നേടാനും അത് സഹായിച്ചേക്കാം.

നിങ്ങളുടെ ഈ ലോകം നിങ്ങളോടൊപ്പം മാത്രമേയുള്ളൂ.


ഉച്ചത്തിൽ കേൾക്കുന്നവയാണ്‌ ഏറ്റവും ശ്രേഷ്ഠമെന്ന് തോന്നാം,അതാണ്‌ പരമാനന്ദമെന്നും തോന്നാം  പക്ഷെ ഏറ്റവും ആനന്ദകരമായത് സൂക്ഷ്മമായ നാദമാണ് ,അത് അസാധാരണമായ അനുഭവമാണ് പക്ഷെ അതനുഭവിക്കാൻ  മറ്റെല്ലാ സാധാരണ ശബ്ദങ്ങളെയും നിരാകരിക്കേണ്ടി വരും.
- അജിതകോശം 10 December 2014


ആരോഗ്യമുള്ളവനെ ആയുർവേദം "സ്വസ്ഥൻ" എന്ന് വിശേഷിപ്പിക്കുന്നു. "തന്നിൽ തന്നെ ഇരിക്കുന്നവൻ" എന്നാണു ഈ വാക്കിനർത്ഥം. ഇതിനു വേണ്ടി ആദ്യം തന്നത്താൻ തിരിച്ചറിയണം - പിന്നത്താൻ വരും സ്വാസ്ഥ്യം. തന്നിൽ തന്നെ സ്വയം ലയിച്ചിരിക്കുന്നവന് മറ്റുള്ളവരിലേക്ക് കടന്നു കയറാൻ ആവില്ല ,അവനതിന്റെ ആവശ്യവും ഇല്ല , അവൻ സ്വയം ഒരു കാന്തമായിത്തീരുകയും അവനിലേക്ക്‌ ആകർഷിക്കപ്പെടുകയുമാണ് ചെയ്യുക.
- അജിതകോശം 13 December 2014

കണ്ണിലൂടെ കാണുന്നതിനപ്പുറം കാതിലൂടെ കേൾക്കുന്നതിനപ്പുറം ഒരു അനുഭവലോകമുണ്ട്,ഇന്ദ്രിയങ്ങൾക്കും അതീതമായ പരമാനന്ദമുണ്ട് അതനുഭവിക്കാൻ സുകൃതം ചെയ്തവർക്കേ കഴിയുകയുള്ളൂ.
- അജിതകോശം 15 December 2014

കനൽ കരിക്കട്ടയാവാൻ അധിക നേരം വേണ്ടി വരില്ല ,കാതൽ വേണ്ടുവോളം ഇല്ലെങ്കിൽ . മറ്റൊരു തരത്തിൽ പറഞ്ഞാൽ - കാതൽ കൂടിയ മരത്തിന്റെ കനലിന് കൂടുതൽ നേരം ജ്വലിക്കാൻ കഴിയും. 
- അജിതകോശം 12 December 2014

ഉപേക്ഷിക്കുന്നതിനെക്കാൾ മഹത്വമുണ്ട്  അപേക്ഷിക്കുന്നതിന് ! ഉപേക്ഷിക്കാൻ ആർക്കും  കഴിയും പക്ഷെ അപേക്ഷിക്കാൻ സ്നേഹമുള്ളവർക്കും  അഹന്തയില്ലാത്തവർക്കും അഹംബോധം ഉള്ളവർക്കും  ആത്മശക്തിയുള്ളവർക്കും മാത്രമേ കഴിയൂ. അപേക്ഷിക്കുന്നവർ  ബലഹീനരായി കണക്കാക്കപ്പെടാം,വിധേയത്വമായി കണക്കാക്കപ്പെടാം, അത് നോക്കേണ്ടതില്ല, എനിക്ക് ഞാനാകാനെ കഴിയൂ എന്ന് സ്വയം ബോധ്യപ്പെടുത്തുക അപ്പോഴാണ്‌ സ്വയം വെളിപ്പെടുക, ഉപേക്ഷിക്കപ്പെടും എന്ന് തോന്നിയാലും അപേക്ഷിക്കാൻ   മടിക്കാതിരിക്കുക,സ്വയം വെളിപ്പെടുത്തുക,അതുകൊണ്ട് നഷ്ടം വരില്ല.
- അജിതകോശം 9 December 2014

ശത്രുസംഹാരം
(ശത്രുസംഹാരപൂജകൾ ആവശ്യമാണ്‌ )

ശത്രുസംഹാരപൂജ ചെയ്യേണ്ടത് ക്ഷേത്രങ്ങളിൽ ചെന്നല്ല. ക്ഷേത്രങ്ങൾ സാധനകൾക്കുള്ള  കേന്ദ്രങ്ങളാണ് , അവിടെ ഇത്തരം നിസ്സാര പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടി പോകുന്നത് അവിവേകമാണ്.  ശത്രു നിങ്ങൾക്കുള്ളിൽ തന്നെയാണ്.  ശത്രുവിനെ തേടി പുറം ലോകത്ത് അലഞ്ഞു നടന്നാൽ സമയം കളയാം എന്നല്ലാതെ കാര്യമൊന്നുമില്ല. നിങ്ങളുടെ ഉള്ളിലെ ശത്രുതാമനോഭാവം തന്നെയാണ് നിങ്ങളുടെ ശത്രു! അവനവന്റെ  ഉള്ളിലെ ശത്രുതാമനോഭാവത്തെ ഇല്ലായ്മ ചെയ്‌താൽ ശത്രുക്കൾ മിത്രങ്ങളാകും. ആദ്യം സ്വന്തം മനസ്സിലെ ശത്രുതാമനോഭാവത്തെ ഇല്ലായ്മ ചെയ്യുകയും അത് നിങ്ങൾക്കു ശത്രുവായി അനുഭവപ്പെട്ടയാൾക്ക്  ബോധ്യപ്പെടുകയും ചെയ്താൽ ശത്രുസംഹാരം നടന്നു എന്നർത്ഥം. ഒരാളുടെ മനസ്സിലെ ശത്രുതാമനോഭാവം അയാളുടെ തന്നെ മാനസികമായ ആനന്ദത്തെയും പ്രവർത്തനങ്ങളെയും മന്ദീഭവിപ്പിക്കും. അത് അയാളുടെ ജീവിതത്തിലെ മുന്നേറ്റങ്ങളെ തന്നെ ബാധിച്ചേക്കാം. അത് കൊണ്ട് ശത്രുസംഹാരപൂജകൾ ആവശ്യമാണ്‌ ,പക്ഷെ അത് സ്വന്തം മനസ്സിലെ ശത്രുതാമനോഭാവത്തെ സംഹരിക്കാൻ ആവണം എന്ന് മാത്രം. ശത്രുക്കൾ മിത്രങ്ങളാവട്ടെ. മിത്രങ്ങൾ ശത്രുക്കളാവാതിരിക്കട്ടെ. ശത്രുത്വം ഇല്ലാതാവട്ടെ.
- അജിതകോശം 6 January 2015


ഉയരങ്ങളിലെത്തിയെന്നു തോന്നുന്നത്  താഴോട്ടു നോക്കുമ്പോഴാണ്, മേലോട്ട് നോക്കുക,നാം എവിടെയെത്തിയെന്നു മനസ്സിലാകും.- അജിതകോശം
1 December 2014

മനസ്സൊരു(ആത്മാവൊരു) കടലാകണം, ഏതു  മാലിന്യത്തെയും,അവിശുദ്ധിയെയും  പാപത്തെയും എരിച്ചു കളയാൻ കഴിയുന്ന  അഗ്നിക്കടൽ - അജിതകോശം 2 December 2014

എന്റെ ഓർമകളോടൊപ്പം നീയും എരിഞ്ഞു പോകട്ടെ എന്നല്ല  ഇനിയും നിനക്ക് സമൃദ്ധമായ ഓർമകളുണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ് വേണ്ടത്,അപ്പോൾ മാത്രമേ സ്നേഹം സത്യമാവൂ

നിശബ്ദതയിൽ ശബ്ദത്തിനു മൂല്യം  കൂടുതലായിരിക്കും
- അജിതകോശം 10 December 2014


ഈയാംപാറ്റയാവാതിരിക്കുക ,വിളക്കാവുക,തിരിനാളമാവുക ,ജ്വലിച്ചു കൊണ്ടേയിരിക്കുക,പ്രകാശം പരത്തുക - അജിതകോശം 28 November 2014

സൌകര്യങ്ങൾ ചിലപ്പോൾ അസൌകര്യമാവും - അജിതകോശം 23 December 2014

അഹത്തിലേക്ക് ഇഹം ചേർന്നാൽ ബ്രഹ്മാസ്മി
- അജിതകോശം 14 December 2014

നമുക്കു  മുൻപിൽ കാണുന്നവൻ നമ്മെക്കാൾ കേമനാണെന്നു കരുതി മാത്രമേ സംസാരിച്ചു തുടങ്ങാവൂ,അല്ലെങ്കിൽ ചിലപ്പോൾ നമുക്ക് തെറ്റ് പറ്റിയേക്കാം.  ശരീരം കൊണ്ടോ വേഷഭൂഷകൾ കൊണ്ടോ ഒരാളെ തിരിച്ചറിയാൻ പറ്റണമെന്നില്ല - അജിതകോശം 28 November 2014

ഒരു ശില്പം നിർമിക്കുന്നതിനായി  ഒരു ശില്പി കല്ലിൽ നിന്നും ശില്പത്തെ  കൊത്തിയെടുക്കുകയല്ല  ചെയ്യുന്നത് പകരം ശില്പത്തിനാവശ്യമില്ലാത്ത ഭാഗങ്ങൾ കല്ലിൽ നിന്നും കൊത്തിക്കളയുകയാണ് ചെയ്യുന്നത്. അത് പോലെ ജിവിതത്തിൽ നിന്നും നമുക്ക് ആവശ്യമില്ലാത്തത് കൊത്തിക്കളയുമ്പോൾ മാത്രമേ ജീവിതശില്പത്തിന് ഭംഗിയും  ഭദ്രതയുമുണ്ടാകൂ.  - അജിതകോശം  
26 November 2014

നിങ്ങൾക്ക് നിങ്ങളെ വിശ്വാസമില്ലെങ്കിൽ മറ്റുള്ളവർ എങ്ങിനെ നിങ്ങളെ വിശ്വസിക്കും -  അജിതകോശം  
14 November 2014


മറക്കാൻ കഴിയില്ല മറയ്ക്കാനേ കഴിയൂ , മറന്നു എന്ന് സ്വയം ബോധിപ്പിച്ചാലും അബോധതലങ്ങളിൽ അത് സ്വപ്നാവസ്ഥയിലുണ്ടാകും,നിതാന്തമായ സുഷുപ്തിയിലേക്കതിനെ നയിക്കാൻ നിങ്ങൾക്കാവില്ല,വേണമെങ്കിൽ  മറന്നു എന്ന്  അഭിനയിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ മറവി ഒരനുഗ്രഹമായി നിങ്ങളെ തേടി എത്തണം! അതല്ല എങ്കിൽ  വേനൽ മഴത്തുള്ളികളേൽക്കുമ്പോൾ കരിഞ്ഞു കിടക്കുന്ന വേരുകളിൽ നിന്ന് പുൽനാമ്പുകൾ കിളിർത്തു  വരുന്നത് പോലെ മറവി പൊടുന്നനെ ഒരു ഓർമയാകും!  16 November 2014


മറ്റുള്ളവർക്കു വേണ്ടി മരിക്കാൻ നിങ്ങൾക്കാവില്ലായിരിക്കും
പക്ഷെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കാൻ നിങ്ങൾക്ക് തീർച്ചയായും കഴിയും 17/11/2014

എല്ലാവരോടും സ്നേഹം തോന്നുക എന്നത് അപൂർവമായ ഒരു വരമാണ്,സുകൃതം ചെയ്തവർക്കു മാത്രമേ അതിനു കഴിയൂ


ചെറിയ തെറ്റുകളെ വലുതാക്കി കാണും മുൻപ് ചെറിയ നന്മകളെ വലുതാക്കി കാണുക. 18/11/2014


മനസ്സിന്  വേണ്ടിയാണ് ശരീരം . മനസ്സിന്  വിധേയമാണ് ശരീരം. ശരീരത്തിന് മാത്രമായി തീരുമാനങ്ങളില്ല. പക്ഷെ മനസ്സിന്  ഇരിപ്പിടമായതു കൊണ്ടു  തന്നെ അത് ശുദ്ധിയോടെയും ബലത്തോടെയും ഇരിക്കേണ്ടതും അത്യാവശ്യമാണ്.  അതുകൊണ്ട് ശരീരത്തെ വേണ്ടതു പോലെ അനുനയിപ്പിക്കുകയും അനുസരിപ്പിക്കുകയും അനുശീലിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.


"എന്റെ" മാത്രം പ്രശ്നങ്ങൾ
ഒരു ചെറിയ കുന്നിന്മുകളിലായിരുന്നു ആ സമാധിമണ്ഡപം. നൂറു കണക്കിന് വർഷങ്ങൾ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മഹാഗുരുവിന്റെ സമാധി. അതിനടുത്തായി ഒരു ചെറിയ പാറക്കെട്ടുണ്ട് . സന്ധ്യ കഴിഞ്ഞാൽ പൊതുവേ അവിടെ അധികം ആളുകളുണ്ടാവാറില്ല,സ്വച്ഛതയ്ക്ക് വേണ്ടി വന്നെത്തുന്ന ചിലരൊഴികെ.  ചിലര് ധ്യാനത്തിലായിരിക്കും .മറ്റു ചിലര് കാറ്റുകൊള്ളുകയായിരിക്കും. നിയമാവലികൾ അധികമൊന്നും എഴുതി വെയ്ക്കപ്പെട്ടിട്ടില്ലെങ്കിലും അന്യോന്യം ശല്യപ്പെടുത്താതെ എല്ലാവരും അറിഞ്ഞു പെരുമാറുന്ന ഒരിടം.   ഞാൻ  എത്തുമ്പോൾ  അവിടെ ആരും  ഉണ്ടായിരുന്നില്ല.  അസ്തമയസൂര്യൻ സൌമ്യഭാവത്തിൽ മറഞ്ഞു കൊണ്ടിരിക്കുന്നു.  ഇളം കാറ്റ് വീശിത്തുടങ്ങി. ഞാൻ നിശബ്ദനായിരുന്നു, കണ്ണുകൾ അസ്തമയ സൂര്യനിൽ.  മെല്ലെ ഇരുട്ട് വന്നു മൂടാൻ തുടങ്ങി,നിശ്ശബ്ദതയും . ദൂരെ ചെറിയ നഗരത്തിലെ വൈദ്യുത വിളക്കുകൾ പ്രകാശം ചൊരിയുന്നു.  ഇടക്കെപ്പോഴോ മറ്റൊരാൾ കുറച്ചു ദൂരെ വന്നിരുന്നു ധ്യാനിക്കാൻ തുടങ്ങിയത് ഞാൻ അറിയുന്നുണ്ടായിരുന്നു.  ഇരുൾ കൂടിക്കൂടി വന്നു. കുറച്ചകലെ ഒരാള് കൂടി വന്നിരിക്കുന്നതും തിരിഞ്ഞു നോക്കിയപ്പോൾ പരിചയഭാവത്തിൽ  ഒന്ന് കണ്ടു എന്ന് നടിക്കാൻ വേണ്ടി മാത്രം ചിരിക്കുന്നതും ഞാൻ കണ്ടു.  വെറുതെ കുറച്ചു നേരം കണ്ണടച്ചിരിക്കാൻ തുടങ്ങിയപ്പോഴേക്കും അയാളുടെ ഫോണ്‍ ശബ്ദിച്ചു. ഇവിടെ വന്നിരിക്കുമ്പോൾ അത് ഓഫാക്കാൻ മറന്നു പോയതായിരിക്കും എന്നും അയാള് അത് ഉടനെ ഓഫാക്കും എന്നും  ഞാൻ കരുതി. ഞാൻ അവിടെ കയറും മുൻപ് തന്നെ എന്റെ ഫോണ്‍ ഓഫ്‌ ചെയ്തിരുന്നു, ഇങ്ങിനെയുള്ള സ്ഥലങ്ങളില ചെല്ലുമ്പോൾ നമ്മൾ അത്തരം മര്യാദകൾ സൂക്ഷിക്കേ ണ്ടാതാണെ ന്നാണ് ഞാൻ കരുതുന്നത്.  അയാള്   പക്ഷെ ഫോണ്‍ എടുത്തു എന്ന് മാത്രമല്ല പിന്നെ നിരത്താതെ സംസാരിച്ചുകൊന്ടെയിരുന്നു. ഇപ്പോൾ നിര്ത്തും ഇപ്പോൾ നിര്ത്തും എന്ന് കരുതി ഞാൻ കാത്തിരുന്നു. മെല്ലെ ആ   ഫോണ്‍ സംഭാഷണം എന്റെ കാതുകളിൽ അരോചകത്വം സൃഷ്ടിച്ചു തുടങ്ങി യിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അയാള് നിരത്താതെ വന്നപ്പോൾ ഞാൻ അവിടെ നിന്നും എഴുന്നേറ്റു.  ആ സംഭാഷണം നിരത്തിയതിന് ശേഷം വീണ്ടും അവിടെ പോയി  ഇരിക്കാം എന്നു ഞാൻ കരുതി.  ഇല്ല അയാള് അത് നിര്ത്താനുള്ള ഭാവമില്ല. ഞാൻ പാരക്കെട്ടുകളിറങ്ങി താഴേക്കു നടന്നു. വരും വഴി ഒന്ന് രണ്ടു സ്ത്രീകളെ കണ്ടു.  ആ സ്മസാരിക്കുന്നയാൽ നിങ്ങളുടെ ആരെങ്കിലുമാണോ എന്ന് ഞാൻ അവരോടു തിരക്കി. അതെയെന്നവർ പറഞ്ഞപ്പോൾ ഇത്തരം സ്ഥലനഗളിൽ ചെല്ലുമ്പോൾ ഫോണ്‍ ഓഫാക്കിയാൽ നന്നായിരുന്നു എന്ന് അവരോടു പറയാൻ തോന്നിയത് മറച്ചു വെച്ചില്ല.  താഴെ മണ്ഡപത്തിൽ വന്നിരുന്നപ്പോൾ സ്വസ്തയക്ക്‌ പകരം അസ്വസ്തയനല്ലോ എനിക്ക് കിട്ടിയത് എന്ന് മനസ്സ് പരിതപിച്ചു. ഇത്രയും ദൂരം താണ്ടി അവിടെ ചെന്നിട്ടു ഫലം ഇതായിപ്പോയല്ലോ എന്ന് നഷ്ടബോധം തോന്നി.  ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അയാളുടെ ശബ്ദം  താഴെ മണ്ഡപത്തിൽ വരെ എത്തിയപ്പോൾ മനടപത്തിന്റെ സംരക്ഷകർ തന്നെ അയാളോട് കുറച്ചു ശബ്ദം കുറച്ചു സംസാരിക്കാൻ പറഞ്ഞു. അത് കേട്ട   ഭാവം നടിക്കാതെ അയാള് സംഭാഷണം തുടർന്നു  കൊണ്ടേയിരുന്നു.  ഒന്നൊന്നര മണിക്കൂർ  കഴിഞ്ഞപ്പോൾ അയാള് താഴെ ഇറങ്ങി വന്നു. കാറിനരികിൽ അയാളുടെ ഭാര്യയും മറ്റും കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഫോണിൽ ശബ്ദമുയര്തി മറ്റുള്ളവര്ക്ക് ശല്യമുണ്ടാകുന്ന രീതിയിൽ സംസാരിച്ചതു ശരിയായില്ല എന്ന് ഭാര്യയും മറ്റും  ചൂണ്ടിക്കാട്ടിയപ്പോൾ അവരോടു അയാള് കയര്ക്കുന്നത് ഞങ്ങള്ക്ക് കേള്ക്കാമായിരുന്നു.  അവരെ നിശ്ശബ്ദരാക്കിയ ശേഷം അയാള് തൊഴാൻ വന്നു. തൊഴൽ കഴിഞ്ഞതിനു ശേഷം ഞങ്ങൾ അയാളോട് താങ്കള് ചെയ്തത് ശരിയായില്ല എന്നും ഇവിടെ ചില മര്യാദകൾ പാലിക്കേണ്ടതല്ലേ എന്നും ചോദിച്ചു. അപ്പോൾ അയാള് പ്രതികരിച്ചത് വളരെ രസകരമായി തോന്നി. "എനിക്ക് വളരെ അത്യാവശ്യമായ ഒരു ബിസിനെസ്സ് കാൾ ആയിരുന്നു അത് നിങ്ങള്ക്കെന്നോട് ഒന്ന് സഹകരിച്ചു കൂടെ" എന്നുമായിരുന്നു അയാളുടെ പ്രതികരണം,അതും വളരെ രൂക്ഷമായ രീതിയിൽ.  അതായത് അയാള് ചെയ്തതിൽ തെറ്റില്ലെന്നും ഞങ്ങൾ സ്വാർത്ഥന്മാർ ആണ് എന്നുമാണ് പിന്നീടയാൾ പറഞ്ഞത്.
കുറച്ചു നേരം കൂടി അവിടുത്തെ ശാന്തമായ അന്തരീക്ഷം കാത്തു സൂക്ഷിക്കേ ണ്ടതിനെക്കുരിച്ചും മറ്റുള്ളവരെ കൂടി പരിഗണിക്കേണ്ട ആവശ്യത്തെക്കുരിച്ചും മറ്റും പറഞ്ഞു നോക്കിയെങ്കിലും  ഞങ്ങൾ അയാളോ ടാണ് സഹകരിക്കേണ്ട തെന്നും, അയാൾക്ക് സംസാരിക്കാനുള്ള  അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയായിരുന്നു ഞങ്ങൾ ചെയ്യേണ്ടത് എന്നും അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. ഞങ്ങളുടെ സംസാരം കൊണ്ട് ഊര്ജനഷ്ടം മാത്രമേ സംഭവിക്കൂ എന്ന് മനസ്സിലാക്കി ഞങ്ങൾ പിന്മാറുകയും അയാള് മടങ്ങിപ്പോവുകയും ചെയ്തു. രാത്രി വൈകിപ്പോവുകയും എനിക്ക് മടങ്ങിപ്പോവാനുള്ള സമയമാവുകയും ചെയ്തത് കൊണ്ട് ഞാൻ അവിടെ നിന്നിറങ്ങാൻ തയ്യാറെടുത്തു ,പക്ഷെ കുറച്ചു നേരം കൂടി അവിടെ തന്നെ ഇരിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു.  സ്വസ്ഥനാവാൻ വന്ന ഞാൻ അസ്വസ്ഥനായി തിരിച്ചു പോയാൽ അയാളേക്കാൾ എനിക്കാണ് നഷ്ടം എന്നത് ഞാൻ മാത്രം  തിരിച്ചരിയേണ്ടതാണ് .  കുറച്ചു നേരം ആ മഹാസന്നിധിയിൽ ഇരുന്നപ്പോൾ മനസ്സിൽ അലയടിച്ചുയര്ന്നു വന്ന ദുഷ്ച്ചിന്തകൾ താനേ അടിയിൽ അടിഞ്ഞു തുടങ്ങി. ഞാൻ ചെയ്തതാണ് തെറ്റെന്നു മനസ്സ് പറയാൻ തുടങ്ങി. ഒരു പക്ഷെ അയാള്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കും,അതായിരിക്കും അയാള് അത്രയും സമയമെടുക്കുകയും സ്വന്തം വീട്ടുകാരോട് പോലും കയര്ക്കുകയും ചെയ്തത്. അപ്പോൾ അസ്വസ്ഥമായ ആ മനസ്സിന് സ്വസ്ഥത കിട്ടാൻ നമ്മൾ തന്നെയല്ലേ സൗകര്യം ചെയ്തു കൊടുക്കേണ്ടത്?   അങ്ങനെയൊരു സ്ഥലത്ത് വന്നാൽ നമ്മളല്ലേ സ്വയം നിയന്ത്രിക്കേണ്ടത്? ആ മഹാഗുരുവിന്റെ സന്നിധിയിൽ നിന്നു കൊണ്ട് അയാളോട് തത്വങ്ങൾ ഉപദേശിക്കാൻ എനിക്കെന്തു അര്ഹതയാണ് ഉള്ളത്? അഥവാ അയാള് ചെയ്തതാണ് തെറ്റെങ്കിൽ അത് പറയാനും ഉപദേശിക്കാനും തിരുത്താനും  അവിടെ ആ   മഹാസാന്നിധ്യമുണ്ടല്ലോ! അവിടെ തികച്ചും വെറുമൊരു മനുഷ്യൻ മാത്രമായ ,ആരുമല്ലാത്ത ഞാൻ  പറഞ്ഞു കൂട്ടിയത് എന്തെല്ലാമാണ്! സത്യത്തിൽ  അയാളേക്കാൾ തെറ്റുകാരൻ ഞാൻ ആണെന്നെനിക്കു തോന്നിത്തുടങ്ങി. എനിക്ക് സ്വസ്ഥത വേണമെങ്കിൽ അയാളുടെ സ്വസ്ഥത കളഞ്ഞിട്ടു വേണോ? മറ്റൊരു സ്ഥലവും സമയവും  തേടുകയല്ലേ ഞാൻ ചെയ്യേണ്ടിയിരുന്നത്?  ഞാൻ സ്വയം ചെറുതായത് പോലെ എനിക്ക് തോന്നി.  ഞാൻ ചെറുതായപ്പോൾ അയാൾ വലുതാവുകയും!  ഒരാളുടെ ശബ്ദത്തിൽ എന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു എങ്കിൽ അത് അയാളുടെ തെറ്റാവുന്നത്‌ എങ്ങിനെ? എന്റെ മനസ്സിന്റെ ശക്തിക്കുറവല്ലേ അത്?  അപ്പോൾ എന്റെ ആത്മബലം വര്ധിപ്പിക്കുക മാത്രമേ വഴിയുള്ളൂ.  എന്റെ മനസ്സിൽ അയാളോട് തോന്നിയ വിദ്വേഷം വിഷമായി കയറും മുൻപ് തന്നെ ഞാൻ സ്വയം എന്റെ ഉള്ളിലേക്ക് തന്നെ അടങ്ങുകയും മെല്ലെ സ്വസ്ഥത തിരിച്ചു കിട്ടുകയും ചെയ്തു.  "ഞാൻ" സ്വയം ഒരു സാക്ഷീഭാവത്തിൽ "എന്നിൽ" നിന്നും മാറി നിൽക്കുമ്പോൾ ഈ ലോകത്തുള്ള എന്തിനെയും സമഗ്രതയോടെയും സമഭാവനയോടെയും  കഴിയും എന്ന് എന്നെ പഠിപ്പിക്കാൻ ആ മഹാഗുരു തന്നെ ഒരുക്കിയ ഒരു നാടകമായിരുന്നു അത്! അത് മനസ്സിലാക്കുവാൻ കുറച്ചു വൈകിപ്പോഎന്ന് മാത്രം.

ക്ഷമിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ ജയിക്കാനും നിങ്ങൾക്കു കഴിയും.

ഉറുമ്പിന്റെ വേദനയും മനുഷ്യന്റെ വേദനയും തുല്യമായി കാണാത്ത നാം തുല്യതയ്ക്കു വേണ്ടി പൊരുതുന്നുവെന്നതും മണ്ണും വിണ്ണും പെണ്ണും പൊന്നും ശാശ്വതമാണെന്ന് കരുതി പരസ്പരം പോരാടുന്നതും  പ്രകൃതിയുടെ തന്നെ വികൃതികളായി കരുതുന്നതാണ് നല്ലത്. കാലടിയിൽ ഒരു ഉറുമ്പ് ഞെരിഞ്ഞമരുമ്പോൾ,സ്വയം അതിന്റെ അന്തകനാവുമ്പോൾ  വ്യാകുലപ്പെടാത്ത നാം മനുഷ്യനടക്കമുള്ള സഹജീവികളുടെ ദു:ഖത്തിൽ സങ്കടപ്പെടുന്നതെങ്ങനെ?

കാഴ്ച്ചയുടെ ഉയരം
ഉയരത്തിലെത്തുമ്പോൾ താഴെ കാണുന്നതെല്ലാം ചെറുതായും തീരെ ചെറുതായും തോന്നും എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. അത് നമ്മുടെ കണ്ണുകളുടെ കാഴ്ച്ചയുടെ പരിമിതിയാണ്. അല്ലാതെ താഴേയുള്ളതൊന്നിനും ഒരു മാറ്റവും ഉണ്ടായിട്ടല്ല.  അതുപോലെ ജീവിതത്തിലെ പല ഘട്ടങ്ങളിലും നാം ഒരു പാട് ഉയരത്തിലെത്തിയെന്ന തോന്നലുണ്ടാവുകയും പണ്ട് നമ്മുടെ ഒപ്പം ഉണ്ടായിരുന്നവരും ഉണ്ടായിരുന്നവയും നമ്മെക്കാൾ ചെറുതായിത്തീർന്നെന്ന തോന്നലുണ്ടാവുകയും ചെയ്തേക്കാം. എല്ലാത്തിനും മേലെ ഒരു ശക്തി വിശേഷം ഉണ്ടെന്നും നമ്മുടെ ഉള്ളിൽ  ഒരു കണ്ണുണ്ടെന്നും അറിവ് വന്നാൽ  ഇത്തരം തോന്നലുകൾ ഒരു മായക്കാഴ്ചയുടെ ഫലം മാത്രമാണെന്ന തിരിച്ചറിവുണ്ടാകും.  നമ്മുടെ കണ്ണുകളുടെ കാഴ്ച്ചയുടെ പരിമിതിയാൽ ആണ് ഇത്തരം തോന്നലുകൾ ഉണ്ടാവുന്നതെന്ന് ബോധ്യമായാൽ ഉള്ളിലെ കണ്ണിന്റെ ശക്തി ഉപാസനകളിലൂടെയും മറ്റും വർധിപ്പിച്ച് മനസ്സിനും അ പ്പുറമുള്ള കാര്യങ്ങളെ കാണാൻ ശ്രമിക്കുകയും "താൻ" എന്നത് നിത്യമായ ഒന്നല്ലെന്ന് തിരിച്ചറിയുകയും ചെയ്‌താൽ എത്ര ഉയരത്തിലെത്തിയാലും ഉള്ളിലെ കണ്ണുകൾ തുറന്ന് എല്ലാം തനിക്കൊപ്പം കാണുവാനുള്ള മനസ്സുണ്ടാകും. താഴെ നിന്നാണ് ഉയരത്തിലെത്തിയതെന്നു എപ്പോഴും ഓർക്കുക,അല്ലെങ്കിൽ "താഴെ" എന്ന  ഒരു നിലയുണ്ടായിരുന്നത് കൊണ്ടാണ് ഉയരത്തിൽ  എന്ന അവസ്ഥയെക്കുറിച്ച്  നാം മനസ്സിലാക്കുന്നത് എന്നും തിരിച്ചറിയുക,സ്വാസ്ഥ്യത്തിലേക്കുള്ള ഒരു നില  കൂടിയാണത്.

സ്വസ്ഥതയാണ് നിങ്ങൾക്കാവശ്യമെങ്കിൽ, ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് ത്യജിച്ചാൽ നിങ്ങൾക്കത് കിട്ടുമെങ്കിൽ,പിന്നെന്തിനു മടിക്കണം? നിങ്ങള്ക്കിഷ്ടം എന്നതിനേക്കാൾ നിങ്ങളെ  ഇഷ്ടം എന്നതിനാണ് മുൻ‌തൂക്കം കൊടുക്കേണ്ടത്. നിങ്ങളോടുള്ള ഇഷ്ടം കുറഞ്ഞു എന്ന് ബോധ്യപ്പെട്ടാൽ പിന്നെ അത് മറച്ചു വെക്കുന്നതാണ്  നിങ്ങള്ക്ക് നല്ലത്.  പക്ഷെ നിങ്ങള്ക്കുള്ളിലെ ഇഷ്ടം നിങ്ങൾ നിഗൂഡമായി തുടർന്നു  കൊള്ളണം അല്ലെങ്കിൽ നിങ്ങൾ നിങ്ങള ല്ലാതെയാകും,അതു സത്യമ ല്ലാതെയാകും. പിടിച്ചു വാങ്ങാനും ,പിറകെ നടക്കാനും തുടങ്ങിയാൽ ഉള്ളതും നഷ്ടപ്പെട്ടു നിങ്ങൾ ഒരു മരുഭൂവിലേക്ക് നയിക്കപ്പെട്ടേക്കാം.- അജിതകോശം 28 January 2015


പുകഴ്ത്തുമ്പോൾ പൂത്തുലയുന്ന പാരിജാതം
പരസ്പരമുള്ള പുകഴ്ത്തലുകളില്ലെങ്കിൽ പല ബന്ധങ്ങളും നിലനില്ക്കില്ല. കെട്ടിപ്പിടിക്കലും തലോടലും ഉമ്മ വെയ്ക്കലും തുടങ്ങി ശാരീരികമായതെന്തും പലപ്പോഴും ശാരീരിക ഐക്യം നല്കുമെങ്കിലും മാനസികമായ ഐക്യമില്ലാത്തതെന്തും ദീർഘകാലം നിലനിൽക്കണമെന്നില്ല. അറിഞ്ഞതും അനുഭവിച്ചതും പരസ്പരം പറയുകയും പരസ്പരം അറിയുകയും ചെയ്‌താൽ അത് ബന്ധങ്ങൾക്ക് കൂടുതൽ ഊഷ്മളത നല്കും. സ്നേഹിതർ തമ്മിലും പ്രണയികൾ തമ്മിലും ദമ്പതികൾ തമ്മിലും സ്നേഹപൂർണമായതും നിർല്ലോഭവുമായതും ലാഭപ്രതീക്ഷയില്ലാത്തതുമായതുമായ ഇത്തരം പുകഴ്ത്തലുകൾ അത്യാവശ്യമാണ്. പരസ്പരം പുകഴ്ത്തിയില്ലെങ്കിലും പരസ്പരം അംഗീകരിക്കുകയെങ്കിലും ചെയ്‌താൽ അത് ബന്ധത്തെ ഒരളവോളം നിലനിർത്തും. പുകഴ്ത്തുമ്പോൾ പൂത്തുലയുന്ന പാരിജാതമാണ് മനസ്സ്. മനസ്സുകൾക്കാണ് ആദ്യം അടുപ്പം വരേണ്ടത്. ആ അടുപ്പത്തിലൂടെ മനസ്സിന്റെയും ശരീരത്തിന്റെയും ഊർജകേന്ദ്രങ്ങൾ തുറക്കുകയും ക്രമേണ അത് ശരീരത്തിലേക്കും ആത്മാവിലേക്കും പടർന്ന് ബന്ധത്തിന് കെട്ടുറപ്പും ചിന്തകൾക്ക് ഒഴുക്കും പ്രകാശവും തെളിച്ചവും പകർന്ന് ജീവിതമാകെ ഊർജവും ഉൾക്കാഴ്ചയും നിറയ്ക്കും. ശരീരത്തിനപ്പുറം മനസ്സുകൾ തമ്മിൽ അടുക്കട്ടെ ആദ്യം. മനസ്സടുപ്പമില്ലാത്ത ശരീരം ഉണങ്ങിയ വിറകു കൊള്ളി പോലെ നിർജീവമായിരിക്കും. ശരീരത്തിനപ്പുറം മനസ്സുകൾ തമ്മിൽ അടുക്കട്ടെ ആദ്യം. മനസ്സടുക്കുമ്പോൾ ശരീരവും അടുത്തുകൊള്ളും ,അത് സ്വാഭാവികമാണ്, പ്രാകൃതികമാണ്. ആനന്ദകരമായ ദാമ്പത്യത്തിന് ശാരീരികമായ അടുപ്പവും മാനസികമായ അടുപ്പവും സംഗീതത്തിനു ശ്രുതിയും ലയവും എന്നത് പോലെ അത്യാവശ്യമാണ്. മനസ്സിന് വേണ്ടിയാണ് ശരീരം ,ശരീരത്തിന് വേണ്ടിയല്ല മനസ്സ്‌ -അജിതകോശം - 2015 ഫെബ്രുവരി 25തുടക്കവും ഒടുക്കവും സങ്കല്പങ്ങളിൽ മാത്രമാണ് ! അനാദിയാണ് കാലം. സമയകാലങ്ങളെല്ലാം നമ്മുടെ വ്യർത്ഥകല്പനകളാണ്. തുടക്കം എവിടെയാണ് എന്നറിയാത്ത നാം ഒടുങ്ങുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്നതെന്തിന് ! പക്ഷെ ഒന്നറിയാം- അലക്ഷ്യമാവണം ലക്‌ഷ്യം, ഒടുങ്ങുന്നതിനേക്കാൾ ഒഴുകുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. സമതലങ്ങളിൽ നിന്ന് താഴേക്ക് ,താഴ്വാരങ്ങളിലേക്കു ഒഴുകിക്കൊണ്ടേയിരിക്കുക - പക്ഷെ പുഴകൾക്ക് സമുദ്രത്തിൽ ചെന്നു ചേർന്നേ മതിയാകൂ,വഴിയിൽ വെച്ച് വറ്റിപ്പോയില്ലെങ്കിൽ. അതു വരെ ഒഴുകുക,ഒഴുകണമെന്നതു നിയോഗമാണ് ! സമുദ്രത്തിലെത്തിയാൽ ഈ ഒഴുക്ക് ഒരു അല മാത്രമാവും- അനേക കോടി അലകളുടെ കൂട്ടത്തിലെ ഒരു അല ! അനാദിയായ കാലപ്രവാഹത്തിലെ ഒരു കണിക ! അതിനു മുൻപ് ഒഴുക്കടങ്ങുമ്പോൾ വൻമരങ്ങൾക്കു കീഴെ സ്മരണകളുടെ കുപ്പായം അഴിച്ചു വെച്ച് നഗ്നമായ മനസ്സോടെ തൊഴുതു കുമ്പിട്ട് പ്രാർഥിക്കുക - "അമ്മേ മാപ്പ് നല്കുക ,നിന്നിലെക്കെന്നെ തിരിച്ചെടുക്കുക, അതിനു സമയമാവുമ്പോൾ മാത്രം- ജന്മം തന്ന നിനക്കറിയാം അനാദിയായ കാലത്തിൽ എന്റെ കാലപ്രമാണം എത്രയെന്ന്" -അജിതകോശം 2015 മാർച്ച് 5പ്രതികാരത്തേക്കാൾ പ്രതിരോധം ആണ് നല്ലത്.  പ്രതികാരമനോഭാവം  നിങ്ങളുടെ മനസ്സിനു തന്നെ തിരിച്ചടികൾ നല്കിയേക്കാം. പക്ഷെ നിങ്ങൾ വെറുതെയിരുന്നാൽ,നിസ്സംഗനായിരുന്നാൽ നിങ്ങൾ ഒരു ചവുട്ടിത്താഴ്ത്തലിനു വിധേയനായേക്കാം . സ്വതന്ത്രനായി മറ്റാരെയും പോലെ  ജീവിതം നയിക്കാനുള്ള  അവകാശം നിങ്ങൾക്കുമുണ്ട് . അതുകൊണ്ട് നിങ്ങളുടെ മനസ്സിനെയും ജീവിതത്തെയും തകര്ക്കാൻ സാധ്യതയുള്ളതും,നിങ്ങൾക്കു മാത്രം കുറ്റപത്രം നൽകപ്പെട്ടതുമായ സന്ദർഭങ്ങളെ തടുക്കാൻ അല്ലെങ്കിൽ പ്രതിരോധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്‌. പ്രതിരോധിക്കുമ്പോൾ അതാരെയും വേദനിപ്പിക്കുന്നില്ല,അത് സാത്വികമായ ഒരു നീക്കം മാത്രമാവുന്നു,നിങ്ങൾക്ക് സമാധാനവും ലഭിക്കുന്നു. പ്രതികാരം ചെയ്‌താൽ സംതൃപ്തി കിട്ടിയേക്കാം പക്ഷെ സമാധാനം കിട്ടണമെന്നില്ല.
അജിതകോശം - 2015 ഫെബ്രുവരി  20

മുൻഗണന , പരിഗണന,അവഗണന ഈ മൂന്നു വാക്കുകൾക്കും ജീവിതത്തിൽ .ഒരുപാട് സ്ഥാനമുണ്ട്. സ്നേഹിക്കുന്നവർക്ക് അല്ലെങ്കിൽ പ്രിയമുള്ളവർക്ക് മുന്ഗണന കൊടുക്കുക ,മുൻഗണന കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഗണന നല്കുക, അതിനും കഴിഞ്ഞില്ലെങ്കിൽ അവഗണിക്കാതിരിക്കുകയെങ്കിലും ചെയ്യുക. മൂല്യമുള്ള ബന്ധങ്ങളുടെ സുന്ദരമായ താമരനൂലുകൾ കെട്ടഴിഞ്ഞു പോകാതിരിക്കാൻ അത്രയെങ്കിലും നാം കരുതേണ്ടതുണ്ട്.
അജിതകോശം - 8 -ഫെബ്രുവരി 2015

പുറപ്പെട്ടു  പോയവർ തിരിച്ചു വരും വരുമെന്നു വിളിച്ചു പറഞ്ഞതുകൊണ്ട് നമുക്ക് സന്തോഷം തോന്നില്ല .തിരിച്ചെത്തുന്നത് വരെ മനസ്സിൽ അങ്കലാപ്പാണ് ,അസ്വസ്ഥതയാണ് - അരികിലെത്തുന്നതുവരെ
അജിതകോശം  13 ഫെബ്രുവരി  2015


സൌഹൃദത്തിലായിരുന്ന ആൾക്ക് ശത്രുത്വം തോന്നുക, സ്നേഹം ഉണ്ടായിരുന്ന ആൾക്കു പിന്നീടത്‌ കുറയുക,തെറ്റിദ്ധരിക്കപ്പെടുക  ഇതെല്ലാം സ്വാഭാവികമായി വന്നു ചേരുന്ന ചില അനുഭവങ്ങളാണ്. ഇങ്ങനെയുള്ളവരോട്  പഴയ അടുപ്പം കാണിക്കാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല അഥവാ കാണിച്ചാലും അവര്ക്കത് നല്ല രീതിയിൽ എടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഒരു പക്ഷെ നിങ്ങൾക്കും വിരോധം ഭാവിക്കേണ്ടി വരും. പക്ഷെ നിങ്ങൾ അത് പുറത്തു തന്നെ നിർത്തുക ,അകത്തേക്കതിനെ കടത്താതിരിക്കുക.  ഉള്ളിൽ അയാൾക്ക്‌ വേണ്ടിയുള്ള പ്രാർത്ഥനകൾ കൊണ്ട് മനസ്സ് നിറയ്ക്കുക. അല്ലെങ്കിൽ എന്നെങ്കിലും അയാൾക്ക്‌ തിരിച്ചറിവുണ്ടായി നിങ്ങൾക്ക്  സൌഹൃദവും സ്നേഹവും തിരിച്ചു  തരാൻ തയ്യാറാവുമ്പോഴേക്കും നിങ്ങൾ ആ മാനസികാവസ്ഥയിലായിരിക്കണമെന്നില്ല,അതുകൊണ്ട് മാത്രം അതിനെ ഏറ്റെടുക്കാൻ നിങ്ങള്ക്ക് കഴിഞ്ഞെന്നും വരില്ല. അതുകൊണ്ട് പുറത്തു വിരോധം ഭാവിക്കുമ്പോഴും ഉള്ളിൽ അതില്ല എന്നുറപ്പിച്ചു മാത്രം ജീവിക്കുക, നല്ലതേ വരൂ.
അജിതകോശം - 2015 ഫെബ്രുവരി 19

ഇളകാത്ത- നിശ്ചലമായ തന്തിയിൽ മെല്ലെ തട്ടുമ്പോഴാണ് നാദം ഉണ്ടാവുന്നത്. അത് പോലെ, ഇളകാത്ത -നിശ്ചലവും സ്വസ്ഥവുമായ മനസ്സിൽ നിന്നു മാത്രമേ നമുക്ക് എന്തും സൃഷ്ടിക്കാനും പ്രസരിപ്പിക്കാനും കഴിയുകയുള്ളൂ.
അജിതകോശം -1-ഫെബ്രുവരി 2015

അവനവന്റെ നിലവാരത്തിനോട് ചേരുന്നവരുമായി ചേരുന്നതാണ് നല്ലത്. അവനവന്റെ നിലവാരമെന്തെന്ന് അവനവനു തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ. എങ്ങിനെ പിറന്നു എപ്പോൾ പിറന്നു എവിടെ പിറന്നു എന്നതൊന്നും നിലവാരത്തെ നിശ്ചയിക്കുന്നില്ല. അവനവന്റെ മനസ്സിന്റെ ഔന്നത്യമാണ് നിലവാരം നിശ്ചയിക്കുന്നത്, അത് സമ്പത്തിനെയൊ സൌന്ദര്യത്തെയോ ആശ്രയിച്ചുമല്ല.
അജിതകോശം - 4 -ഫെബ്രുവരി 2015

ഒരു കഥ പറയാം. ഒരിക്കൽ ശിവഭഗവാൻ പാർവതിയോടൊപ്പം കൈലാസത്തിൽ ഇരിക്കുകയായിരുന്നു. താഴെ ഒരു വഴിയിലൂടെ ഒരു യാചകൻ ഭിക്ഷാപാത്രവുമായി നടന്നു വരുന്നത് പാർവതിയുടെ കണ്ണിൽ പെട്ടു. യാചകന്റെ അവസ്ഥ കണ്ട് പാർവതി ശിവനോട് പറഞ്ഞു
" അങ്ങു വിചാരിച്ചാൽ ഈ പാവത്തിന് വേണ്ട സമ്പത്തും സൌഭാഗ്യവും കൊടുക്കാൻ കഴിയില്ലേ? അങ്ങു മനസ്സു വെച്ചാൽ നടക്കാത്ത കാര്യമുണ്ടോ ? അപ്പോൾ ശിവൻ പറഞ്ഞു " അത് അവന്റെ വിധിയാണ് ,വിധിയെ തടുക്കാൻ ഞാൻ വിചാരിച്ചാലും കഴിയില്ല" പാർവതിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. " എത്രയോ പേര്ക്ക് വരങ്ങൾ കൊടുക്കുന്ന അങ്ങേയ്ക്ക് ഇത്ര നിസ്സാരമായ ഒരു കാര്യം ചെയ്യാൻ കഴിയില്ലെന്നോ? ശിവൻ എത്ര പറഞ്ഞിട്ടും പാർവതി വാശി പിടിക്കുന്നത്‌ കണ്ടു ശിവൻ " ശരി,എന്നാൽ ഞാൻ ഒരു കാര്യം ചെയ്യാം" എന്ന് പറഞ്ഞ് ആ യാചകൻ നടക്കുന്ന വഴിയിൽ ഒരിടത്ത് ഒരു കുടം നിറയെ സ്വർണനാണയം കൊണ്ട് വെക്കാൻ ഏര്പ്പാട് ചെയ്തു. "ഇനി നോക്കാം എന്താണ് സംഭവിക്കുന്നത്‌ എന്ന്" എന്ന് പാർവതിയോടു പറയുകയും ചെയ്തു . യാചകൻ നടന്നു നടന്നു കുടത്തിനരികിൽ എത്തും മുൻപ് അയാളുടെ ഉള്ളിൽ ഒരു ചിന്ത വന്നു "ഇപ്പോൾ എനിക്ക് കണ്ണിനു ഒരു കുഴപ്പവും ഇല്ല, നന്നായി കാണാം പക്ഷെ ഇനി കണ്ണിനെന്തെങ്കിലും സംഭവിച്ചാൽ എങ്ങനെയാണ് നടക്കുക? അയാളുടെ ഉള്ളിൽ ആധി മൂത്തു. ഏതായാലും വെറുതെ നടക്കുകയല്ലേ അങ്ങനെയൊരു അവസ്ഥ വരും മുൻപ് തന്നെ അത് പരിശീലിക്കാമെന്നു കരുതി അയാള് കാട്ടിൽ നിന്നും ഒരു വടി പൊട്ടിച്ചെടുത്ത് അത് കുത്തിപ്പിടിച്ച് കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു തപ്പി തപ്പി നടക്കാൻ തുടങ്ങി. ഇതിനിടയിൽ അയാള് ആ കുടം കണ്ടതേയില്ല. കുടം വെച്ച സ്ഥലം കടന്നു കഴിഞ്ഞപ്പോൾ അയാൾ കണ്ണുകൾ തുറന്ന് സാധാരണ പോലെ നടക്കാൻ തുടങ്ങുകയും ചെയ്തു. പാർവതി ഇതെല്ലാം നോക്കിക്കണ്ട്‌ ഒന്നും പറയാൻ കഴിയാതെ ഇരുന്നു പോയി. ശിവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ശിവൻ ഈ പ്രപഞ്ചം തന്നെയാണ്. എല്ലാം ഇവിടെയുണ്ട് . നമ്മുടെ മുൻപിൽ വന്നു നില്ക്കുന്ന അവസരങ്ങളെയും സന്തോഷകരമായ അനുഭവങ്ങളെയും അനുഭവിക്കണമെങ്കിൽ യോഗം വേണം. അല്ലെങ്കിൽ സമയം വരുമ്പോൾ കണ്ണുകൾ അടച്ചു പിടിച്ച് നാം അവയെ നഷ്ടപ്പെടുത്തും. എത്ര വെച്ചു നീട്ടിയാലും നമുക്കത് കാണാൻ ഭാഗ്യമുണ്ടാവില്ല.അപ്പോഴും പ്രകൃതി നമുക്ക് മുൻപിൽ പുഞ്ചിരിയോടെ നില്ക്കും. ആ ചിരിയുടെ അർത്ഥവും നമുക്ക് മനസ്സിലാക്കാൻ കഴിയണമെന്നില്ല.
- അജിതകോശം 28 December 2014


കാലം എന്നത് മനുഷ്യന്റെ സങ്കൽപം മാത്രമാണ്. കാലം അനാദിയാണ്.  ഇന്ദ്രിയങ്ങളെല്ലാം അടക്കി പ്രപഞ്ചത്തിന്റെ ഭാഗമായിക്കഴിഞ്ഞാൽ സമയകാലങ്ങളില്ലാത്ത ഒരവസ്ഥയിൽ എത്തിച്ചേരും. കാണുന്നതിനപ്പുറം കേൾക്കുന്നതിനപ്പുറം  ഇന്ദ്രിയാതീതമായ ഒരു ലോകമുണ്ടെന്നു തിരിച്ചറിയും,അത് കാലാതീതമാണെന്നും. 1 January 2015


അടുപ്പമുള്ള ഒരാളെ നാം  ഫോണിൽ വിളിക്കുമ്പോൾ കിട്ടുന്ന ചില വാക്കുകൾ……..
 1. നിങ്ങൾ വിളിക്കുന്നയാൾ ഇപ്പോൾ പ്രതികരിക്കുന്നില്ല പിന്നീട് വിളിക്കുക
 2. നിങ്ങൾ വിളിക്കുന്നയാൾ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ്
 3. നിങ്ങൾ വിളിക്കുന്നയാൾ പരിധിക്കു പുറത്താണ്
 4. നിങ്ങൾ വിളിക്കുന്നയാൾ മറ്റൊരു കോളിലാണ് ദയവായി ലൈനിൽ തുടരുക അല്ലെങ്കിൽ പിന്നീട് വീണ്ടും  വിളിക്കുക.
ഇങ്ങനെയൊക്കെ കേട്ടാലും  നിങ്ങൾ പിന്നീട് വീണ്ടും വിളിക്കും. പക്ഷെ  ഇതൊരു തുടർച്ചയായാൽ ആൾ നമ്മുടെ പരിധിക്കു പുറത്താണെന്ന് നാം തിരിച്ചറിയണം. അയാൾക്ക് നിങ്ങളോട് ഇപ്പോഴും അടുപ്പം ഉണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കേണ്ട  സമയമായിരിക്കുന്നു എന്നർത്ഥം.  
നിങ്ങളുടെ സ്നേഹം യഥാർത്ഥമാണെങ്കിൽ  നമ്മെക്കാൾ പ്രാധാന്യമുള്ള   മറ്റൊരാളുമായുള്ള അയാളുടെ സംഭാഷണം തടസ്സപ്പെടുത്താതെ നോക്കാനുള്ള കരുതലെങ്കിലും നാം  കാണിക്കണം. അപ്പോൾ നിങ്ങളുടെ സ്നേഹം നിങ്ങൾക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയും. അത് നിങ്ങളുടെ ഹൃദയത്തെ എല്ലാ രീതിയിലും സമ്പന്നമാക്കും. സ്വാർഥതയിൽ നിന്നല്ല നിസ്വാർഥതയിൽ നിന്നാണ് സ്നേഹം ഉറവയെടുക്കുന്നതും ഒഴുകുന്നതും -അതൊരു പ്രവാഹമാണ് ജന്മ ജന്മാന്തരങ്ങളിലൂടെയുള്ള അനുസ്യൂതമായ പ്രവാഹം.

തിരമാലകൾ പോലെയാണ് ചിന്തകൾ. പക്ഷെ തിരമാലകൾ കടലിൽ തുടങ്ങുകയും അവിടെ തന്നെ ഒടുങ്ങുകയും ചെയ്യുന്നു. ചിന്തകൾ പക്ഷെ ഒടുങ്ങുന്നില്ല, അവയെ അടക്കി നിർത്താൻ നാം മന:പൂർവ്വം പാടുപെടേണ്ടിയിരിക്കുന്നു. സ്വാസ്ഥ്യം അല്ലെങ്കിൽ സ്വച്ഛത എന്ന അവസ്ഥയ്ക്ക് ഇരിപ്പിടം ശൂന്യതയാണ്. സന്തോഷവും സ്വാസ്ഥ്യവും ഒന്നല്ല. ഒരു സമുദ്രമായിത്തീരാൻ പ്രാർഥിക്കുക മാത്രമേ നമുക്കു ചെയ്യാനുള്ളൂ ,സ്വാസ്ഥ്യത്തിന്റെ ഒരു സമുദ്രം അലകൾ പോലുമില്ലാത്ത ഒരു സമുദ്രം. - അജിതകോശം 26 December 2014

ഉണ്ട് എന്നത് നമ്മുടെ ഒരു തോന്നലാണ്.  ഇല്ല എന്നതാണ് സത്യം. "ബ്രഹ്മ സത്യം ജഗന്മിഥ്യ" എന്നത് നമുക്ക് പാഠമാണ്. ഉണ്ട് എന്ന് തോന്നിപ്പിക്കലാണ് അഭിനയം. അഭിനയത്തിൽ നയം ആവശ്യമുണ്ട് ഇല്ലെങ്കിൽ അത് എപ്പോഴെങ്കിലും പാളിപ്പോകാൻ ഇടയുണ്ട്. അഭിനയം പ്രകൃതമല്ല,സ്വാഭാവികവുമല്ല പക്ഷെ അഭിനയിക്കാനുള്ള കഴിവ് സ്വാഭാവികമായി കിട്ടാം. അഭിനയം എന്നത് ഒരാളെ നയിക്കാനുള്ളതല്ല . മരുഭൂമിയിൽ മരീചിക അഭയമാവില്ല, അത് സത്യവുമല്ല .
- അജിതകോശം 11 January 2015

സ്വസ്ഥതയാണ് നിങ്ങൾക്കാവശ്യമെങ്കിൽ, ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് ത്യജിച്ചാൽ നിങ്ങൾക്കത് കിട്ടുമെങ്കിൽ,പിന്നെന്തിനു മടിക്കണം? നിങ്ങള്ക്കിഷ്ടം എന്നതിനേക്കാൾ നിങ്ങളെ  ഇഷ്ടം എന്നതിനാണ് മുൻ‌തൂക്കം കൊടുക്കേണ്ടത്. നിങ്ങളോടുള്ള ഇഷ്ടം കുറഞ്ഞു എന്ന് ബോധ്യപ്പെട്ടാൽ പിന്നെ അത് മറച്ചു വെക്കുന്നതാണ്  നിങ്ങള്ക്ക് നല്ലത്.  പക്ഷെ നിങ്ങള്ക്കുള്ളിലെ ഇഷ്ടം നിങ്ങൾ നിഗൂഡമായി തുടർന്നു  കൊള്ളണം അല്ലെങ്കിൽ നിങ്ങൾ നിങ്ങള ല്ലാതെയാകും,അതു സത്യമ ല്ലാതെയാകും. പിടിച്ചു വാങ്ങാനും ,പിറകെ നടക്കാനും തുടങ്ങിയാൽ ഉള്ളതും നഷ്ടപ്പെട്ടു നിങ്ങൾ ഒരു മരുഭൂവിലേക്ക് നയിക്കപ്പെട്ടേക്കാം.- അജിതകോശം 28 January 2015


ഉപ്പുപാവ കടലിൽ അലിയുന്നതു പോലെ ഈ മഹാപ്രപഞ്ചത്തിലേക്ക് അഹംബോധം അലിഞ്ഞു ചേരട്ടെ !
- അജിതകോശം 16 December 2014


"തനിച്ചാകുക " അവസ്ഥ സുഖകരവും ചിലപ്പോൾ അസുഖകരവുമാണ്. അങ്ങനെയൊരവസ്ഥയെ സ്വയം വരിക്കുകയാണെങ്കിൽ അത് സുഖകരവും, കൂടെയുണ്ടെന്ന് കരുതിയ ആളോ മറ്റുള്ളവരോ ഒറ്റപ്പെടുത്തിയതാണെ ങ്കിൽ അസുഖകരവും ആയിരിക്കും. സ്വയം വരിച്ച ഏകാന്തത സ്വാസ്ഥ്യത്തിലേക്കും തുടർന്ന് ധ്യാനത്തിലേക്കും പൂർണതയിലേക്കും നയിക്കും. പക്ഷെ കൂടെയുണ്ടെന്ന് കരുതുന്നവർ ഉപേക്ഷിച്ചാലുള്ള ഏകാന്തത മനസ്സിനെ അസ്വസ്ഥമാക്കും. മമത എന്നത് എന്നും ബന്ധനം തന്നെയാണ്,അതിൽ നിന്നും മനസ്സിനെ മോചിപ്പിക്കുക എന്നത് എളുപ്പമല്ല. "എന്റേത് മാത്രമാണ് " എന്നുള്ള ചിന്ത ഉപേക്ഷിക്കുകയും "എന്റേതും കൂടിയാണ്" എന്ന ചിന്ത വളർത്തുകയും ചെയ്താൽ മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുകയില്ല,മറിച്ച് അവർ നമ്മളിൽ നിന്ന് മോചിക്കപ്പെടുകയാണ് ചെയ്യുന്നത്.അവർ സുരക്ഷിതരായിരിക്കട്ടെ എന്നു മാത്രം പ്രാർഥിക്കുക. മനുഷ്യരാൽ മാത്രമേ തനിച്ചാക്കപ്പെടുന്നുള്ളൂ ,പ്രകൃതിയിൽ നാം തനിച്ചല്ല എന്ന ബോധം എന്നും നമ്മെ നയിക്കട്ടെ.
- അജിതകോശം 29 January 2015

ആത്മഭാഷണം   ആത്മശക്തിയേറ്റും  


മറ്റൊരാൾ നല്കുന്ന മൂല്യമാണ് തന്റേത് എന്നു കരുതി ജീവിച്ചാൽ എന്നെങ്കിലും ആ മൂല്യം ഇടിഞ്ഞേക്കാം,തന്റെ മൂല്യം താൻ തന്നെ നിശ്ചയിക്കുന്നതാണ് നല്ലത്.

അവനവന്റെ നിലവാരത്തിനോട്  ചേരുന്നവരുമായി ചേരുന്നതാണ് നല്ലത്.
അവനവന്റെ നിലവാരമെന്തെന്ന് അവനവനു തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ.


നിങ്ങൾക്ക് നിങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും  നിങ്ങൾക്ക്  നിങ്ങളെ സൃഷ്ടിക്കാൻ  കഴിയും

വാക്കുകളേക്കാൾ ശക്തിയുണ്ട് മൌനത്തിന്. ഒഴിഞ്ഞ ഇടത്തേക്ക് മാത്രമേ ഒഴുക്കുണ്ടാകൂ.  

സ്നേഹിക്കുന്നവർ പരസ്പരം പൊറുക്കാൻ കൂടി തയാറാകണം, മറ്റൊരു തരത്തിൽ പറഞ്ഞാൽ- പരസ്പരം പൊറുക്കാൻ കഴിയാത്തവർക്ക് സ്നേഹബന്ധം തുടരാൻ കഴിയില്ല. പൊറുക്കുക എന്നാൽ സഹിക്കുക എന്നല്ല അർത്ഥം അറിയുക അല്ലെങ്കിൽ തിരിച്ചറിയുക എന്നാണ്.
- അജിതകോശം 30 December 2014
കരുതൽ കരുത്തു നല്കുന്നുസമുദ്രമാവില്ല ഒരു കാട്ടരുവിയുടെ ലക്‌ഷ്യം. അല്ലെങ്കിലും ഒരു അരുവിക്ക്‌ സ്വന്തം ലക്ഷ്യം എങ്ങനെ തെരഞ്ഞെടുക്കാൻ കഴിയും? പ്രവാഹത്തിന് എവിടെയെങ്കിലും ചെന്ന് ചേർന്നേ മതിയാകൂ. അത് നിയോഗമാണ് . നുരഞ്ഞു പതഞ്ഞൊഴുകുന്ന കാട്ടരുവിക്ക് ഒരു പുഴയോട് ചേരാനാവും യോഗം,പിന്നെ ആ പുഴ കടലിലെത്തുമ്പോഴേക്കും അരുവി സ്വയം മറന്നിരിക്കും,അല്ലെങ്കിൽ സ്വയം മറച്ചിരിക്കും.
- അജിതകോശം 10 January 2015


ഉറങ്ങി എന്ന് നിങ്ങൾ പറയുന്നു ,പക്ഷെ അത് ഉറക്കമായിരുന്നോ എന്ന് നിങ്ങൾ തന്നെ നിരീക്ഷിക്കുക. ജാഗ്രത് -സ്വപ്നം- സുഷുപ്തി എന്നിങ്ങനെയാണ് ഉറക്കത്തിലേക്കുള്ള ആരോഹണക്രമം.  ഉറങ്ങുന്നു എന്ന് കരുതിയ സമയത്ത് നിങ്ങൾ സ്വപ്നം കണ്ടിരുന്നുവെങ്കിൽ ,ഉണരുമ്പോൾ അത് ഒർത്തിരിക്കുന്നുവെങ്കിൽ അത് പരിപൂർണമായ ഉറക്കത്തിലേക്ക്   അല്ലെങ്കിൽ സുഷുപ്തിയിലേക്ക് നിങ്ങൾ കടന്നിരുന്നില്ല, അല്ലെങ്കിൽ നിങ്ങളുടെ ഉറക്കം പൂർണമായിരുന്നില്ല എന്നര്ഥം!  - അജിതകോശം 20 March 2015മനസ്സൊരു അക്ഷയപാത്രമാവണം ,ഒഴിയാത്ത സ്നേഹത്തിന്റെ അക്ഷയപാത്രം

എന്തെങ്കിലും പറയും മുൻപ് ഒരു നിമിഷം കണ്ണടച്ച് പറയണോ എന്ന് മൂന്നു വട്ടം ആലോചിക്കുക, ചിലപ്പോൾ അത് പറയേണ്ടതല്ല അല്ലെങ്കിൽ പറഞ്ഞില്ലെങ്കിലും പ്രശ്നമില്ല എന്ന് തോന്നിയേക്കാം,പിന്നീട് പ്രശ്നമായേക്കാവുന്ന പല കാര്യങ്ങളിൽ നിന്നും രക്ഷ നേടാനും അത് സഹായിച്ചേക്കാം.
- അജിതകോശം 3 January 2015

നിങ്ങളുടെ ഈ ലോകം നിങ്ങളോടൊപ്പം മാത്രമേയുള്ളൂ.


സ്നേഹമുള്ളവർക്ക് നിരസിക്കാനാവില്ല. നിനക്ക് എന്നെ വേണ്ടെങ്കിൽ എനിക്ക് നിന്നെയും വേണ്ട എന്നതിനേക്കാൾ നീ തന്നെയാണ് ഞാൻ ,നിന്നെ നിരസിക്കുന്നത് എന്നെ ഞാൻ സ്വയം നിരസിക്കുന്നതു പോലെ തന്നെയാണ് എന്ന് മനസ്സറിവുണ്ടാകണമെങ്കിൽ നിറഞ്ഞ സ്നേഹം വേണം. സ്നേഹം ഓരോർമപ്പെടുത്തലാണ്, ഉറക്കത്തിൽ പോലും നമ്മെ തഴുകുന്ന സുഖദമായ ഒരനുഭവം. വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും അന്തർധാര സ്നേഹം തന്നെയാണ്. നിരസിക്കപ്പെട്ടാലും അതൊഴുകിക്കൊണ്ടേയിരിക്കും. പുഴ ഒഴുകുന്നത്‌ ആർക്കെങ്കിലും തന്നെ ആവശ്യമുണ്ടോ എന്ന് നോക്കിയിട്ടല്ല,അതൊരു നിയോഗമാണ് ,പ്രകൃതിയുടെ നിയോഗം. - അജിതകോശം 24 December 2014

മത്സരം അവനവനോട് തന്നെയാകണം
അവനവന്റെ അല്ലെങ്കിൽ അവളവളുടെ ഉന്നതിക്ക് വേണ്ടി മറ്റുള്ളവരെ ഇടിച്ചു താഴ്ത്തുകയും അവരോടു മത്സരിക്കുകയും ചെയ്യുന്നവർ അത്രയും ഊർജം വെറുതെ കളയുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ ഉന്നതിയിലേക്കുള്ള യാത്ര കണ്ടു ഭയക്കുകയും അസൂയപ്പെടുകയും ചെയ്യുന്നവർക്ക് ഉയരങ്ങളിലേക്കുള്ള സ്വന്തം യാത്രയിൽ തടസ്സങ്ങളും വേഗക്കുറവും ഉണ്ടാകാം. ഈ പ്രപഞ്ചം ഒരു മഹാസാമ്രാജ്യമാണ്. ഇവിടെ എല്ലാവർക്കും അവനവന്റേതായ ഒരു സാമ്രാജ്യം സൃഷ്ടിക്കുവാനുള്ള ഇടം എപ്പോഴുമുണ്ടായിരിക്കും. ജനന-മരണങ്ങൾ ഉള്ളിടത്തോളം ഇവിടെ ഒഴിഞ്ഞു കൊടുക്കപ്പെടുകയും അവിടേക്ക് മറ്റൊരാൾ നിയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്,അത് നൈരന്തര്യമാണ്. പ്രകൃതി നിയമങ്ങൾ ഇതേവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല . മുകളിലേക്ക് നോക്കുക,ഉയരങ്ങൾ ഇനിയും ബാക്കിയാണ്. ഉയരങ്ങളിലെത്തണമെന്ന ചിന്തയും അവനവന്റെ സ്വകാര്യമായിരുന്നാൽ കൂടുതൽ നല്ലത്. മറ്റുള്ളവർ എത്തിച്ചേർന്ന ഉയരങ്ങളിലോ അല്ലെങ്കിൽ അതിനെക്കാളുമോ എത്തിച്ചേരണം എന്ന് ആഗ്രഹിക്കുമ്പോൾ അത്ര മാത്രം മതിയെന്ന് നമ്മുടെ നിയോഗങ്ങളെ നാം തന്നെ പരിമിതപ്പെടുത്തുകയും നിയന്ത്രിക്കുകയുമാണ്‌ ചെയ്യുന്നത്. ഒരു പക്ഷെ പ്രകൃതി നമുക്കായി അതിനെക്കാളും ഉയരത്തിലുള്ള നിയോഗങ്ങൾ നമുക്കായി കരുതി വെച്ചിട്ടുണ്ടാകാം. മറ്റുള്ളവരുടെ നിലവാരം അളക്കാതെ അതിനെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം നിലവാരം ഉയർത്താൻ ശ്രമിക്കുന്നവർ എല്ലാത്തിനേക്കാളും ഉയരത്തിൽ എത്തും. അവനവന്റെ ഉള്ളിലെ കുറവുകൾ നികത്തുകയും അവനവന്റെ ഉള്ളിലെ സിദ്ധികളെ ഉണർത്തുകയും സാധനകളിലൂടെ സ്വയം ഉയരുകയും ചെയ്‌താൽ മറ്റുള്ളവരുടെ നിലവാരത്തിനോട് മൽസരിക്കേണ്ടി വരില്ല. ആ ആത്മശക്തി ഒരു പ്രകാശഗോപുരമായി ഉയർന്ന് പിന്നീട് മറ്റുള്ളവര്ക്കും വഴികാട്ടിയായി, ഒരു നക്ഷത്രമായി നില കൊള്ളും. മത്സരം അവനവനോടു തന്നെയാകട്ടെ!
- അജിതകോശം 2 January 2015


സ്വഭാവം എന്നത് സ്വകാര്യമാണ്.  അവനവന്റെ ഉള്ളിലെ യഥാർത്ഥ ഭാവമാണ് "സ്വഭാവം" ,സ്വന്തം ഭാവം എന്നർത്ഥം . അതിൽ മാറ്റം വരുത്തണമെങ്കിൽ സ്വാനുഭവങ്ങളിൽ  നിന്നു തന്നെ തിരിച്ചറിവുണ്ടാകണം. സ്വഭാവത്തിൽ നിന്നും  അഭാവത്തിലേക്കു സഞ്ചരിക്കാൻ പ്രഭാവം ഉള്ളവർക്കു മാത്രമേ കഴിയുകയുള്ളൂ.
- അജിതകോശം 4 January 2015

സൗഹൃദം-പ്രണയം-സ്നേഹം-പ്രേമം
സൌഹൃദവും പ്രണയവും സ്നേഹവും പ്രേമവും മാനസികഭാവങ്ങളുടെ പ്രവാഹങ്ങളാണ് . സമാനതയുള്ള വാക്കുകളാണെങ്കിലും ഇവയുടെ അർത്ഥതലങ്ങൾ വ്യത്യസ്തമാണ്. സാധാരണമായ പ്രയോഗതലത്തിലുള്ള അർത്ഥത്തെക്കാൾ ആഴമുള്ള ചില തലങ്ങളുണ്ട് ഈ വാക്കുകൾക്ക്. തികച്ചും കേവലമായ അർത്ഥത്തിൽ ഈ വാക്കുകൾ പ്രയോഗിക്കുമ്പോൾ അവയുടെ നിലവാരവും അത്തരത്തിലായിരിക്കും. പക്ഷെ ശ്രേഷ്ഠമായ അർത്ഥതലങ്ങളിലേക്ക് രൂപാന്തരം ചെയ്യപ്പെടുമ്പോൾ വാക്കുകൾ നമ്മുടെ ഹൃദയത്തെ വന്നു തൊടുന്നു. അനുഭാവപൂർണ്ണമായ അടുപ്പമാണ് സൌഹൃദം,സൌഹൃദത്തിൽ കാമം ഉണ്ടാകണമെന്നില്ല. അനുഭവപൂർണ്ണമായ അടുപ്പമാണ് പ്രണയം,കാമം കലർന്ന രസാനുഭാവങ്ങളാൽ പുഷ്കലമായ ഒരവസ്ഥ. സ്നേഹം അനുഭവങ്ങൾക്കപ്പുറത്തെ ഒരനുഭൂതിയാണ്,അത് ആത്മീയമായ ഒരു ആനന്ദധാരയാണ്,അതിൽ കാമം ഉണ്ടെന്നും ഇല്ലെന്നുമാകാം,കാമം ഇല്ലെങ്കിലും സ്നേഹത്തിന്റെ ധാര മുറിഞ്ഞു പോവില്ല. ജീവിതത്തിലെ ശൈശവ-ബാല്യ-കൌമാര-യൌവ്വന-വാർധക്യ കാലഘട്ടങ്ങളിൽ സ്നേഹമെന്ന വാക്കിന് അനുയോജ്യമായ അർത്ഥതലങ്ങൾ കൈവരും. അതിനുമപ്പുറമാണ് പ്രേമം. മമതയില്ലാത്ത മനസ്സിൽ നിന്നു മാത്രമേ പരമമായ പ്രേമം ഒഴുകുകയുള്ളൂ. അനിർവചനീയമായ അനുഭൂതികളുടെ ഇടമുറിയാത്ത പ്രവാഹമാണ് പ്രേമം. ആത്മാർഥവും തീവ്രവുമായ അനുരാഗത്തിൽ നിന്നുമുണ്ടാകുന്ന പ്രേമം(അതെന്തിനോടുമാകാം) മനസ്സിനെ സ്വാസ്ഥ്യത്തിലേക്ക് നയിക്കുന്നു.
- അജിതകോശം 29 December 2014

വഴിയിൽ മോതിരം കളഞ്ഞുപോയാൽ തിരികെ നടക്കുകയേ മാർഗമുള്ളൂ. അല്ലാതെ മുൻപോട്ടു നടന്നു തിരഞ്ഞാൽ കിട്ടുകയില്ലെന്നു മാത്രമല്ല പിറകെ വരുന്ന മറ്റു വല്ലവരും എടുത്തു കൊണ്ട് പോകുകയും ചെയ്യും,അല്ലെങ്കിൽ കിട്ടുന്നവൻ അത്രയ്ക്കും സത്യസന്ധതയുള്ളവൻ ആയിരിക്കണം. ജീവിതത്തിലെ പല നഷ്ടങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് ഗതി. നഷ്ടപ്പെട്ടവയും പ്രിയപ്പെട്ടവയും തിരിച്ചു പിടിക്കാൻ പോയ വഴിയെ തിരികെ നടക്കുക ,അത് നമുക്ക് നല്ലതേ വരുത്തൂ. എന്റെ ഒരനുഭവം പറയാം. ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയാൻ എനിക്ക് അന്നും ഇന്നും ഒരാളേയുള്ളൂ. ഒരു തെറ്റിധാരണ കൊണ്ട് അവൻ ഒരിക്കൽ എന്നിൽ നിന്നും അകല്ച്ച പാലിച്ചു. എന്നെ കാണാൻ അവൻ കൂട്ടാക്കിയതേയില്ല .തെറ്റ് എന്റെ ഭാഗത്തായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. പഠിച്ചുകൊണ്ടിരുന്ന ആ കാലത്ത് എന്റെ സാമ്പത്തിക നില അത്ര ഭദ്രമായിരുന്നില്ല(അത് ഞാൻ മനപൂർവം സൃഷ്ടിച്ചതായിരുന്നു - അച്ഛനെ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ പഠിക്കാനുള്ള തീരുമാനം കൊണ്ട് ) അതിൽ നിന്നും വന്ന ഒരു ചെറിയ നീക്കം ആണ് അവനെ എന്നിൽ നിന്നും അകറ്റിയത്,അത് അവൻ പ്രതീക്ഷിച്ചിരുന്നില്ല. കുറെ വർഷങ്ങൾ പോയപ്പോൾ എനിക്ക് മനസ്സിലായി അവനെക്കാളും എനിക്കാണ് നഷ്ടം എന്ന്. അവന്റെ വീട്ടിൽ പോയി കുറെ നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ അകല്ച്ചയുടെ മഞ്ഞുരുകി .ആ നിമിഷം തൊട്ടു ഞാൻ അവനെ തിരിച്ചു പിടിച്ചു.ഇന്നും അവൻ എന്റെ നല്ല സുഹൃത്തായിരിക്കുന്നു. ബന്ധങ്ങൾ ആഴത്തിലുള്ളതാണെങ്കിൽ അത് അത്രയ്ക്കും മൂല്യമുള്ളതാണെന്നു തിരിച്ചറിയാൻ കഴിയുമെങ്കിൽ അത് നഷ്ടപ്പെടുത്താൻ കഴിയില്ല എന്നായാലും. നഷ്ടപ്പെട്ടവയും പ്രിയപ്പെട്ടവയും തിരിച്ചു പിടിക്കാൻ പോയ വഴിയെ തിരികെ നടക്കുക ,അത് നമുക്ക് നല്ലതേ വരുത്തൂ.
- അജിതകോശം 31 December 2014

ഒരാളുടെ ജീവിതത്തിൽ മറ്റൊരാളുടെ പ്രഭാവം എത്രത്തോളം സ്വാധീനം ചെലുത്താനിടയുണ്ടോ അത്രത്തോളം അയാളുടെ അഭാവവും സ്വാധീനം ചെലുത്തിയേക്കാം. ചിലപ്പോൾ ആ അഭാവം ഒരു ചലനവും സൃഷ്ടിക്കാതിരിക്കുകയും ചെയ്യാം. നിങ്ങളുടെ അഭാവം മറ്റൊരാളുടെ ജീവിതത്തിൽ ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ലെങ്കിൽ ,അയാൾക്കത് ഒരു നഷ്ടമാണെന്ന് തോന്നുന്നില്ലെങ്കിൽ,ആ സ്ഥാനത്തു ഒരു ശൂന്യത അയാൾക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ ,അയാളുടെ ഇപ്പോഴത്തെ ജീവിതത്തിലെ അത്യാവശ്യ ഘടകമല്ല നിങ്ങൾ എന്നും നിങ്ങളിൽ നിന്ന് അയാൾ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു എന്നുമുള്ള യഥാർത്ഥ്യം സ്വയം ബോധ്യപ്പെട്ടാൽ  അയാളെ സ്വതന്ത്രമാക്കി വിടുകയും സ്വയം ഒരു സാക്ഷിയായി മാറുകയും ചെയ്യുന്നതാണ് നല്ലത്. അങ്ങിനെ നിങ്ങളുടെ ബന്ധനത്തിൽ നിന്നും അയാളെ നിങ്ങൾക്കു തന്നെ രക്ഷപെടുത്താൻ കഴിഞ്ഞാൽ നിങ്ങളിലെ സ്വാർത്ഥത ഇല്ലാതെയാവുകയും അയാളോടുള്ള സ്നേഹം എന്നും നിലനിർത്താൻ കഴിയുകയും ചെയ്യും.
സ്നേഹം ദിവ്യമാണ്,പ്രാപഞ്ചികമായ അനുഭവങ്ങൾക്കപ്പുറമുള്ള ഒരു ദിവ്യാനുഭൂതി!
- അജിതകോശം 26 December 2014